ഭിക്ഷാടകന് പണം കൊടുത്തയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഭിക്ഷാടകന് പണം കൊടുത്തയാള്‍ക്കെതിരെ ഇന്‍ഡോര്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ കേസാണിതെന്നാണ് വിവരം.
നിയമലംഘനം നടത്തിയതിന് ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 223 പ്രകാരമാണ് കേസ്. ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയോ 5000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റമാണിത്. ഭിക്ഷ കൊടുത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്‍ഡോറിലെ ഖാന്‍ഡ്വ റോഡിലുള്ള ഒരു ക്ഷേത്രത്തിന് മുന്നിലിരിക്കുകയായിരുന്ന ഭിക്ഷാടകനാണ് ഇയാള്‍ ഭിക്ഷ നല്‍കിയത്. ഭിക്ഷാടന നിരോധന സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യ യാചക മുക്ത നഗരമായി ഇന്‍ഡോറിനെ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് ഭിക്ഷാടനം നിരോധിച്ചിരുന്നു. ഇതനുസരിച്ച് ഭിക്ഷ നല്‍കുന്നതും സ്വീകരിക്കുന്നതും ഭിക്ഷാടകരില്‍ നിന്ന് എന്തെങ്കിലും വസ്തു സ്വീകരിക്കുന്നതും കുറ്റമാണ്. ഈ നിയമം ലംഘിച്ചത്തിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഭിക്ഷാടനം സംബന്ധിച്ച് വിവരം കൈമാറുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരങ്ങള്‍ യാചകമുക്തമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം തുടക്കമിട്ട പൈലറ്റ് പദ്ധതിയില്‍ ഇന്‍ഡോറും ഉള്‍പ്പെട്ടിട്ടുണ്ട്. ആകെ 10 നഗരങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.