ഭാര്യയേയും മകളെയും സഹോദരിയുടെ മകളെയും കൊന്നു

താന്‍ ഭാര്യയെയും മകളെയും ഭാര്യാസഹോദരിയുടെ മകളെയും കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രക്തം ഒഴുകുന്ന ഒരു കത്തിയുമായി ഒരാള്‍ സ്‌റ്റേഷനിലേക്ക് കയറിവന്നപ്പോള്‍ പീന്യാ സ്‌റ്റേഷനിലെ പോലീസുകാര്‍ ഒന്നു ഞെട്ടി.

വൈകുന്നേരം അഞ്ചുമണിക്ക് 40 കാരനായ ഗംഗരാജുവാണ് സ്‌റ്റേഷനിലേക്ക് കയറി വന്നത്. ഹെബ്ബാഗോഡി പോലീസ് സ്‌റ്റേഷനില്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുകയാണ് ഇയാള്‍.

ഉടന്‍ തന്നെ പോലീസ് ജലാഹള്ളി ചൊക്കസാന്ദ്രയിലുള്ള ഇയാളുടെ രണ്ടു മുറി വീട്ടിലേക്ക് പാഞ്ഞു. കഴുത്ത് മുറിച്ച നിലയിലും ശരീരമാകെ മുറിവേറ്റ നിലയിലും മുന്ന് മൃതദേഹങ്ങളായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഗംഗാരാജുവിന്റെ വീട്ടമ്മയായ ഭാര്യ 38 കാരി ഭാഗ്യ, 19 വയസ്സുള്ള മകള്‍ നവ്യ, ഭാഗ്യയുടെ സേഹാദരിയുടെ 23 കാരിയായ മകള്‍ ഹേമാവതി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കോളേജിലെ ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നവ്യ, ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഹേമാവതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ഗംഗാരാജുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. നെലമംഗലം പ്രദേശവാസികളായ കുടുംബം ആറു വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യ ഭാഗ്യയ്ക്ക് അവിഹിത ബന്ധമുണ്ടോ എന്ന് ഗംഗാരാജു എപ്പോഴും സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും വഴക്കുകളും പതിവായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും സമാനരീതിയില്‍ ഒരു വഴക്കുണ്ടാകുകയും ഗംഗാരാജു ഒരു കത്തിയുമായി ഭാര്യയെ ആക്രമിക്കുകയും ചെയ്തു.

ഇതുകണ്ട് വീട്ടിലെ മറ്റു രണ്ടു സ്ത്രീകളും ഗംഗാരാജുവിനെ കയറിപ്പിടിക്കുകയും അയാളുടെ ഭാഗത്താണ് കുറ്റമെന്ന് പറഞ്ഞ് കുറ്റപ്പെടുത്താനും തുടങ്ങി. ഭാര്യയുടെ വഴിവിട്ട ബന്ധം എപ്പോള്‍ ചോദ്യം ചെയ്താലും വീട്ടിലെ മറ്റു രണ്ടു സ്ത്രീകളും ഭാഗ്യയെ പിന്തുണച്ച്‌ വരുമായിരുന്നു. ഇത്തവണ അത് സഹിക്കാനായില്ലെന്നും മൂന്നു പേരെയും താന്‍ കൊന്നെന്നും ഗംഗാരാജു പറഞ്ഞു. മൂന്ന് പേരുടെയും മരണം ഉറപ്പാക്കിയ ശേഷം ഗംഗാരാജു പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *