‘ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിള്‍ക്കൊടി സ്വയം മുറിച്ചു’; പ്രമുഖ യുട്യൂബര്‍ക്കെതിരെ കേസ്

ഭാര്യയുടെ പ്രസവം ചിത്രീകരിക്കുകയും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി സ്വയം വേർപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ യുട്യൂബർക്കെതിരെ കേസ്.

തമിഴ്‌നാട്ടിലെ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെയാണ് കേസെടുത്തത്. മകളുടെ പൊക്കിള്‍ക്കൊടി സ്വയം മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദമായത്. യുട്യൂബ് ചാനലില്‍ 45 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഇർഫാനുള്ളത്.

ഇർഫാനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലായില്‍ ഇർഫാന്റെ ഭാര്യ വീട്ടില്‍ നിന്ന് പുറപ്പെടുന്നതുമുതല്‍ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററില്‍ കുഞ്ഞ് ജനിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് 16 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ഡോക്‌ടർമാരുടെ അനുവാദത്തോടെയാണ് ഇർഫാൻ പൊക്കിള്‍ക്കൊടി മുറിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരം തേടുകയായിരുന്നു. വിവാദമായതോടെ വീഡിയോ ചാനലില്‍ നിന്ന് നീക്കി.

പൊക്കിള്‍ക്കൊടി മുറിക്കാൻ ഡോക്‌ടർക്ക് മാത്രമാണ് അനുവാദമുള്ളത്. സംഭവത്തില്‍ ആശുപത്രിക്കും ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ഡോക്‌ടർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കല്‍ ആന്റ് റൂറല്‍ ഹെല്‍ത്ത് സർവീസ് ഡയറക്‌ടർ വ്യക്തമാക്കി. നേരത്തെ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതില്‍ ഇർഫാനെതിരെ നടപടി എടുത്തിരുന്നു. അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കം ചെയ്തുമാണ് തലയൂരിയത്.

Leave a Reply

Your email address will not be published. Required fields are marked *