ഭരണഭാഷമുതല്‍ കോടതിഭാഷവരെ മലയാളമാകണമെന്ന് പിണറായി വിജയൻ.

ഭരണഭാഷമുതല്‍ കോടതിഭാഷവരെ മലയാളമാകണമെന്ന് പിണറായി വിജയൻ. കോടതിയുടെ സഹകരണത്തോടെ കോടതിഭാഷ മലയാളമാക്കാനുള്ള മാർഗം ആരായുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിച്ച്‌ സംസാരിക്കയായിരുന്നു അദ്ദേഹം.

മലയാളത്തില്‍ സർഗാത്മകതകൊണ്ട് ഭാവുകത്വപരിണാമമുണ്ടാക്കിയ എഴുത്തുകാരുടെ നിരയിലാണ് എൻ.എസ്. മാധവൻ. ഭാഷയുടെ നിലവാരവത്കരണം സാമൂഹികപ്രവർത്തനംകൂടിയാണ്. അതുനടത്തുന്ന എഴുത്തുകാരനാണ് മാധവൻ. സമകാലികസംഭവങ്ങളോട് പ്രതികരിച്ചാല്‍ ഹൃദയച്ചുരുക്കം ഉണ്ടാകുമെന്ന തോന്നലൊന്നും അദ്ദേഹത്തിനില്ല -മുഖ്യമന്ത്രി പറഞ്ഞു.

ഒന്നും മാറ്റിനിർത്താതെ, കൈവഴിയായി എത്തുന്ന വൈവിധ്യത്തെ സ്വീകരിക്കുന്ന, മഹത്തായ സഹിഷ്ണുതപുലർത്തുന്ന മലയാളത്തില്‍ എഴുതാൻ കഴിഞ്ഞതും സമ്മാനിതനായതിലും ചാരിതാർഥ്യമുണ്ടെന്ന് എൻ.എസ്. മാധവൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ച്‌ നന്ദി പറയുകയായിരുന്നു അദ്ദേഹം.

മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശസ്തിപത്രം വായിച്ചു. ആന്റണി രാജു എം.എല്‍.എ., സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *