ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബൗണ്‍സറെ പോലെയാണ് പെരുമാറുന്നതെന്ന് ബി.ജെ.പി എം.പി പ്രതാപ് ചന്ദ്ര സാരംഗി.
ഒഡീഷയിലെ ബാലസോറില്‍ നിന്നുള്ള എം.പിയാണ് സാരംഗി. എ.ബി വാജ്പേയിയെ പോലുള്ള പ്രഗല്‍ഭരായ വ്യക്തികള്‍ വഹിച്ച പദവിയാണ് രാഹുല്‍ ഇപ്പോള്‍ വഹിക്കുന്നതെന്നും സാരംഗി പറഞ്ഞു.
പാർലമെന്റില്‍ ഡിസംബർ 19ന് ഉണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ എം.പിമാരില്‍ ഒരാളായിരുന്നു പ്രതാപ് സാരംഗി. തന്റെ ആരോഗ്യം സംബന്ധിച്ചും സാരംഗി പ്രതികരണം നടത്തി. തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡിസംബർ 28ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലേക്ക് കടക്കുന്ന ഗേറ്റിന് മുന്നില്‍ അംബേദ്കറെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി അവിടേക്ക് കടന്നു വരികയായിരുന്നു.
രാഹുലിനൊപ്പമുണ്ടായിരുന്ന ചില പാർട്ടി പ്രവർത്തകർ തങ്ങളെ തള്ളിമാറ്റാൻ ആരംഭിച്ചുവെന്ന് പ്രതാപ് സാരംഗി ആരോപിച്ചു. ഒരു ബൗണ്‍സറെ പോലെയാണ് രാഹുല്‍ പെരുമാറിയത്. ലോക്സഭ പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി മുകേഷ് രജ്പുത്ത് എം.പിയെ പിടിച്ചു തള്ളി. രാജ്പുത്ത് എന്റെ ദേഹത്തേക്ക് വീണു. ഇതിനിടെ എന്റെ തല കല്ലില്‍ ചെന്ന് ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.