കലിപ്പിലായ ആരാധകപടയെ ആശ്വസിപ്പിക്കാനായി കേരള ബ്ലാസ്റ്റേഴ്സിന് ഒരു ജയം വേണം. അതും കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ അവരുടെ തട്ടകത്തില്‍.
തുടർ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് മഞ്ഞപ്പട പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടിക്കറ്റ് വില്പനയിലും പങ്കെടുക്കില്ലെന്നും പ്രസ്താവിച്ചിരുന്നു.
ആരാധകർ പ്രഖ്യാപിച്ച ബഹിഷ്കരണം നടപ്പാക്കുമോയെന്ന് ഇന്നറിയാം. കൊല്‍ക്കത്തയില്‍ ബഗാൻ ആരാധകർക്കു മാത്രം മുന്നില്‍ വിജയം എളുപ്പമാകില്ല. 2024 -25 സീസണില്‍ 11 മത്സരം കഴിഞ്ഞപ്പോള്‍ മോശം അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്സ്. മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയുമായി 10ാം സ്ഥാനത്താണ് ടീമിപ്പോള്‍. ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രം. ആറു തോല്‍വിയും രണ്ടു സമനിലകളും. അവശേഷിക്കുന്നത് 13 മത്സരങ്ങളാണ്.
ഗംഭീര പ്രകടനവുമായി പോയന്റ് പട്ടികയില്‍ ഒന്നാമതാണ് ബഗാൻ. 10 കളികളില്‍ 23 പോയന്റുള്ള ബഗാൻ സീസണില്‍ ഒറ്റ തോല്‍വിയാണ് വഴങ്ങിയത്. കരുത്തുറ്റ പ്രതിരോധവും പിഴക്കാത്ത ഫിനിഷിങ്ങുമാണ് ബഗാന്റെ പ്രത്യേകത. പ്രതിരോധം അതി ദുർബലമായ ബ്ലാസ്റ്റേഴ്സിന് മുന്നേറ്റ നിരയും അത്ര മികച്ചതല്ല.
സൂപ്പർ ഡിഫൻഡർ സുഭാശിഷ് ബോസ് സസ്പെൻഷന് ശേഷം ഇന്ന് തിരിച്ചെത്തും. ഐ.എസ്.എല്ലില്‍ ഈ താരത്തിന്റെ നൂറാം മത്സരമായിരിക്കും ഇത്. സ്വന്തം തട്ടകത്തില്‍ ഈ സീസണില്‍ എല്ലാ മത്സരവും ജയിച്ച ടീമിനോടാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത്.