ബ്രൂവറി കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ബ്രൂവറി ആരംഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണംചെയ്യുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജലം നല്‍കുന്നത് ജല അതോറിറ്റിയാണെന്നും ഇതിനായി കരാറിലെത്തിയെന്നും ഉത്തരവില്‍ പറയുന്നു.

പ്രാരംഭപ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. 600 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നാലുഘട്ടമായാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ്യമദ്യ ബോട്ടിലിങ് യൂണിറ്റിനാണ് ആദ്യഘട്ടത്തില്‍ അനുമതി. സ്പിരിറ്റ് നിര്‍മാണം, ബ്രാണ്ടി- വൈനറി പ്ലാൻ്റ്, ബ്രൂവറി എന്നിങ്ങനയാണ് മറ്റുള്ള ഘട്ടങ്ങള്‍.

ഉപയോഗശൂന്യമായ അരി, ചോളം, പച്ചക്കറി വേസ്റ്റ്, മരച്ചീനി സ്റ്റാര്‍ച്ച് എന്നിവയാണ് കമ്പനി മദ്യനിര്‍മാണത്തിന് അസംസ്‌കൃതവസ്തുക്കളായി ഉപയോഗിക്കുന്നത്. ഇത് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ കഞ്ചിക്കോട്ടെ ബ്രൂവറി കാര്‍ഷക മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റീസൈക്കിളിങ് വഴിയാണ് ജല അതോറിറ്റി വെള്ളം നല്‍കുക. ഇതിനായുള്ള കരാറായെന്നും ഉത്തരവില്‍ പറയുന്നു. മഴവെള്ള സംഭരണത്തിനുള്ള സംവിധാനം ഉണ്ടാവണം. ബ്രൂവറി വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *