ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാനുമായി ചർച്ച നടത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ കിരീടാവകാശി ഊഷ്മള സ്വീകരണം നല്‍കി. ഔദ്യോഗിക സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും വിശദമായ കൂടിക്കാഴ്ചയാണ് നടത്തിയത്. സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്‍റെ വശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംയുക്ത ഏകോപന ശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ അവലോകനം ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങള്‍, പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങള്‍, അതുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങള്‍, ഇരു രാജ്യങ്ങളിലും ലഭ്യമായ വിഭവങ്ങള്‍ പൊതു താല്‍പ്പര്യങ്ങള്‍ കൈവരിക്കുന്ന രീതിയില്‍ നിക്ഷേപിക്കാനുള്ള അവസരങ്ങള്‍ തുടങ്ങിയവ ചർച്ച ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിയാദിലെത്തിയത്.