ഇന്ത്യയുടെ ബ്രഹ്മോസ് , ആകാശ് മിസൈലുകള്‍ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് ബ്രസീല്‍ . മിസൈലിനെ കുറിച്ച് ചർച്ച ചെയ്യാൻ ബ്രസീലിയൻ പ്രതിനിധി സംഘം ഈ മാസം ഇന്ത്യ സന്ദർശിക്കും.
കരാർ ഉറപ്പിച്ചാല്‍ ഇന്ത്യയുടെ ആകാശ് മിസൈലുകള്‍ ബ്രസീലിയൻ സേനയുടെയും സ്വന്തമാകും. സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികള്‍ നവീകരിക്കാനും ബ്രസീല്‍ ആലോചിക്കുന്നുണ്ട്. ഇതിനുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും ബ്രസീല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സന്ദർശനങ്ങളും ചർച്ചകളും ബ്രസീലിന്റെയും ഇന്ത്യയുടെയും പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുമെന്നാണ് റിപ്പോർട്ട് .ഈ സഹകരണം സൈനിക ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, പ്രതിരോധ ഉല്‍പ്പാദനത്തിലും സാങ്കേതികവിദ്യ പങ്കിടുന്നതിലും തന്ത്രപരമായ പങ്കാളിത്തം വളർത്തുകയും ചെയ്യുന്നു.
മലേഷ്യ, ഇന്തോനേഷ്യ, ക്യൂബ, വിയറ്റ്നാം എന്നിവയാണ് ബ്രഹ്മോസില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന മറ്റ് രാജ്യങ്ങള്‍. 2024 ഏപ്രില്‍ 19 ന് സൂപ്പർസോണിക് മിസൈലുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തത് ഫിലിപ്പീൻസിനാണ് . 2022 ല്‍ ഫിലിപ്പീൻസുമായി ഇന്ത്യ 375 മില്യണ്‍ ഡോളറിന്റെ കരാർ ഒപ്പിട്ടതിന് ശേഷമാണ് ബ്രഹ്മോസ് ആഗോള ശ്രദ്ധ നേടിയത്.
മലേഷ്യ തങ്ങളുടെ യുദ്ധവിമാനങ്ങളുമായി സംയോജിപ്പിക്കുന്നതിനാണ് ബ്രഹ്മോസ് ആവശ്യപ്പെടുന്നത് . വിയറ്റ്നാം ചൈനയുടെ ആക്രമണത്തെ ചെറുക്കുന്നതിനായാണ് ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത് .
കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാൻ കഴിയുന്ന മിസൈല്‍ ആണ് ആകാശ് മിസൈല്‍. ഇവയില്‍ ന്യൂജനറേഷൻ ആകാശ് മിസൈലുകളാണ് ബ്രസീലിന് ആവശ്യം. കര സേനയ്‌ക്ക് വേണ്ടിയാണ് ബ്രസീല്‍ മിസൈല്‍ വാങ്ങുന്നത് ഇന്ത്യയുടെ പ്രതിരോധ ആയുധ നിർമ്മാതാക്കളായ ഡിആർഡിഒ ആണ് മിസൈലുകളുടെ നിർമ്മാതാക്കള്‍.