ബ്രസീലുകാരിയായ യുവതിയെ ദുബായില്‍ പീഡിപ്പിച്ചു; മുംബൈ സ്വദേശിയെ അറസ്റ്റുചെയ്ത് ഷൊര്‍ണൂര്‍ പോലീസ്

ബ്രസീല്‍ സ്വദേശിനിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുംബൈ സ്വദേശിയായ യുവാവിനെ ഷൊർണൂർ ഡിവൈ.എസ്.പി.

അറസ്റ്റുചെയ്തു. വെസ്റ്റ് മുംബൈയില്‍ താമസിക്കുന്ന സുഹൈല്‍ ഇക്ബാല്‍ ചൗധരിയാണ് (29) അറസ്റ്റിലായത്. മോഡലായ യുവതി കുളപ്പുള്ളിയില്‍ ഒരു സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്.

മേയ് 12-ന് ദുബായില്‍വെച്ചാണ് സംഭവം. സുഹൈല്‍ ഇക്ബാല്‍ ചൗധരിയും കേസിലെ ഒന്നാംപ്രതിയായ, മുംബൈ സ്വദേശിയായ അയാളുടെ സുഹൃത്തും ദുബായില്‍ എത്തിയപ്പോള്‍ മുമ്ബ് പരിചയമുള്ള യുവതിയെ പാർട്ടിക്ക് ക്ഷണിക്കുകയായിരുന്നു. ഇവർ മയക്കുമരുന്ന് നല്‍കി ഒന്നാംപ്രതിയുടെ ഫ്ലാറ്റിലെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. രാവിലെ ബോധം വന്നപ്പോള്‍ യുവതി ഫ്ലാറ്റില്‍നിന്നു രക്ഷപ്പെട്ടോടി ടാക്സിയില്‍ സ്വന്തം ഫ്ലാറ്റിലെത്തി സമീപത്തെ ക്ലിനിക്കില്‍ ചികിത്സയ്ക്കു സമീപിച്ചു. എന്നാല്‍, അവിടെയുള്ളവർ ചികിത്സിക്കാൻ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

പിന്നീട് യുവതി കുളപ്പുള്ളിയിലെ സുഹൃത്തുമായി സംസാരിച്ച്‌ 14-ന് കൊച്ചിയിലേക്കു വന്നു. വിമാനമിറങ്ങി സമീപത്തെ ആശുപത്രിയിലെത്തിയെങ്കിലും ഇവിടെയും ചികിത്സ ലഭിച്ചില്ല. തുടർന്ന്, ചേരാനല്ലൂരിനു സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും അവർ പോലീസില്‍ അറിയിക്കുകയുമായിരുന്നു. ചേരാനല്ലൂർ ഡിവൈ.എസ്.പി. വി.കെ. രാജു അന്വേഷിച്ച കേസ് ജൂണ്‍ ഏഴിനാണ് ഷൊർണൂർ പോലീസിന് കൈമാറിയത്. യുവതിയുടെ സൗകര്യാർഥമായിരുന്നു ഇത്.

യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ഫോണ്‍നമ്ബർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഗോവയില്‍നിന്നാണ് സുഹൈല്‍ ഇക്ബാല്‍ ചൗധരിയെ പിടികൂടിയത്. ഒന്നാംപ്രതിയെ പിടികൂടാനായിട്ടില്ല. ഇരുവരും ബാറുകളില്‍ പാർട്ടികള്‍ നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച പിടികൂടിയ സുഹൈല്‍ ഇക്ബാല്‍ ചൗധരിയെ ഷൊർണൂരിലെത്തിച്ചു. യുവതി സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഗോപാലനും സംഘവുമാണ് ഗോവ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *