ബ്രസീലിലെ സാവോപോളോയ്ക്ക് സമീപമുണ്ടായ വിമാനാപകടത്തില്‍ 62 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സാവോപോളോയിലേക്ക് പോകുകയായിരുന്ന റീജിയണല്‍ ടര്‍ബോപ്രോപ്പ് വിമാനം വെള്ളിയാഴ്ച സാവോപോളയില്‍നിന്ന് 80 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറുള്ള വിന്‍ഹെഡോ പട്ടണത്തിലാണ് തകര്‍ന്നുവീണത്.
ജനവാസ മേഖലയില്‍ ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് വിവരം.
സംഭവത്തിന്‌റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രസീല്‍ ടിവി ഗ്ലോബോ ന്യൂസ് വിമാനം വീണ് വലിയ പ്രദേശത്ത് തീപടരുന്നതിന്റെയും വിമാനത്തിന്റെ ഫ്യൂസ്ലേജില്‍ നിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മറ്റൊരു ദൃശ്യങ്ങളില്‍ വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിക്കുന്നതും വ്യക്തമാകുന്നുണ്ട്. അപകടത്തിന്റെ കാരണമടക്കം ഉള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായി വരികയാണ്.
അപകടത്തില്‍നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വിന്‍ഹെഡോയ്ക്ക് സമീപമുള്ള വാലിന്‍ഹോസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമീപത്തെ കോണ്ടോമിനിയം കോംപ്ലക്‌സിലെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും താമസക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ലെന്നാണ് ലഭ്യമായ വിവരം.
സാവോപോളയിലെ വിന്‍ഹെഡോ നഗരത്തില്‍ 58 യാത്രക്കാരും നാല് ജീവനക്കാരുമായി ഒരു വിമാനം തകര്‍ന്നു വീണെന്നും എല്ലാവരും മരിച്ചെന്നും പ്രസിഡന്‌റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ അപകടത്തിന് തൊട്ടുപിന്നാലെ ഒരു പരിപാടിയില്‍ സംസാരിക്കവെ അറിയിച്ചിരുന്നു. തകര്‍ച്ചയുടെ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ലിസ്റ്റ് ചെയ്യപ്പെടാത്ത എയര്‍ലൈനായ വോപാസ് പറഞ്ഞു. എടിആര്‍ 72-500 ടര്‍ബോപ്രോപ്പ് എന്ന് ഫ്‌ലൈറ്റ് റഡാര്‍24 തിരിച്ചറിഞ്ഞ വിമാനത്തിന് പിഎസ്-വിപിബി രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. എയര്‍ബസിന്റെയും ഇറ്റാലിയന്‍ എയറോസ്പേസ് ഗ്രൂപ്പായ ലിയോനാര്‍ഡോയുടെയും സംയുക്ത സംരംഭമാണ് എടിആര്‍.