ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ, ജാമ്യഹർജി അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമെന്ന് ഹൈക്കോടതി; ഹർജി മാറ്റി

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.

നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.

എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *