നടനും സംവിധായകനുമായ ബേസില്‍ ജോസഫും നടൻ ടൊവിനോ തോമസും ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള തമാശകളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഏറെ വെെറലാണ്.
അടുത്തിടെ ബേസിലിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കാലിക്കറ്റ് എഫ്.സി – ഫോഴ്‌സ കൊച്ചി കലാശപ്പോരിന് ശേഷം സമ്മാനദാന ചടങ്ങിനിടെ ഫോഴ്‌സ കൊച്ചി ടീമിന്റെ ഉടമകളില്‍ ഒരാളായ പൃഥ്വിരാജ് തന്റെ ടീമിലെ ഒരു കളിക്കാരൻ ഷേക്ക് ഹാന്‍ഡ് നല്‍കുന്നുണ്ട്. ഈ സമയത്ത് തൊട്ടടുത്ത് നില്‍ക്കുന്ന ബേസില്‍ ജോസഫ് താരത്തിന് കൈകൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കളിക്കാരൻ ബേസിലിനെ ശ്രദ്ധിക്കാതെ കടന്ന് പോകുകയാണ്.
ഈ സമയത്തെ ബേസിലിന്റെ നോട്ടവും ചമ്മല്‍ നിറഞ്ഞ മുഖഭാവവും അടങ്ങിയ വീഡിയോയാണ് വെെറലായത്. മുൻപ് ഇത്തരം ഒരു സന്ദർഭം ടൊവിനോയ്ക്ക് ഉണ്ടായപ്പോള്‍ ബേസില്‍ കളിയാക്കുന്ന വീഡിയോ വെെറലായിരുന്നു. ഇത് ഒരു മധുര പ്രതികാരം പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നിരവധി പേർ തമാശ നിറഞ്ഞ കമന്റുകളുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് ഒരു പരിപാടിയില്‍ സംസാരിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. നടിയും അവതാരകയുമായ പേളി മാണിയാണ് ഇതിനെക്കുറിച്ച് ടൊവിനോയോട് ചോദിക്കുന്നത്. എല്ലാവരും ഇതുപോലെ അപമാനിതരാകുമ്ബോള്‍ ഇതുപ്പോലെ തമാശയായിട്ടാണോ നിങ്ങള്‍ കാണുന്നതെന്നാണ് ടൊവിനോ ചോദിച്ചത്.
‘ഞാൻ ഒരു കാര്യം ചോദിക്കാം. എല്ലാവരും ഇതുപോലെ അപമാനിതരാകുമ്ബോള്‍ ഇങ്ങനെ തമാശയിലൂടെയാണോ എല്ലാവരും പ്രതികരിക്കാറുള്ളത്. എന്റെ സുഹൃത്ത് ബേസില്‍ അപമാനിക്കപ്പെട്ടപ്പോള്‍ എല്ലാവർക്കും തമാശ. ഞാൻ അതിനോട് യോജിക്കുന്നില്ല. ഞാൻ ഇക്കാര്യം ബേസിലിനോടും പറഞ്ഞു. നമ്മള്‍ ഓക്കെ ആയത് കൊണ്ട് ആളുകള്‍ ഇത് തമാശ ആയിട്ട് എടുത്തു. വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ ഇത് വലിയ പ്രശ്നം ആകുമായിരുന്നു. എന്നാണ് ഞാൻ അവനോട് പറഞ്ഞത്. പക്ഷേ ഇതൊക്കെ തമാശ ആയിട്ട് എടുക്കാനുള്ളതാണ്’,- ടൊവിനോ പറഞ്ഞു.