: ബെള്ളാരി മെഡിക്കല്‍ കോളജ് ആൻഡ് റിസർച്ച് സെന്ററില്‍ (ബി.എം.സി.ആർ.സി) പ്രസവ ശസ്ത്രക്രിയക്കിടെ ഒരു യുവതികൂടി മരിച്ചു.
ബെള്ളാരി സ്വദേശിനി കോല്മി സുമയ്യ (23) ആണ് മരിച്ചത്. പ്രസവവുമായി ബന്ധപ്പെട്ട് നവംബർ 11നാണ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയനു ശേഷം ഇവർക്ക് വൃക്കസംബന്ധമായ തകരാർ കാണുകയായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തുടർന്ന് ഡയാലിസിസിന് വിധേയമാക്കിയെങ്കിലും കഴിഞ്ഞദിവസം മരിച്ചു. ഇതോടെ സമാന രീതിയില്‍ ഒരു മാസത്തിനിടെ മരിച്ച യുവതികളുടെ എണ്ണം അഞ്ചായി. നവംബർ ഒമ്ബതിനും 11നും ഇടയില്‍ സിസേറിയന് വിധേയരായ 34 പേരില്‍ ഏഴുപേർക്കാണ് സിസേറിയനു ശേഷം ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നത്. ഇതില്‍ രണ്ടുപേർ ഡിസ്ചാർജായി ആശുപത്രി വിട്ടു. ബാക്കി അഞ്ചുപേർ മരണത്തിനു കീഴടങ്ങി. എന്നാല്‍, ഇവരുടെ അഞ്ചുപേരുടെയും കുഞ്ഞുങ്ങള്‍ക്ക് തകരാറുകളൊന്നുമില്ലെന്നും പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
മരുന്നു വിതരണം ചെയ്യുന്ന കമ്ബനികളുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് അഞ്ചുപേരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. ആദ്യ നാല് മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംഭവത്തില്‍ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അഞ്ചിന് രാത്രിയോടെത്തന്നെ കേസില്‍ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അതേസമയം, രാജി സന്നദ്ധത അറിയിച്ച് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവും രംഗത്തെത്തി. സാഹചര്യം മെച്ചപ്പെടുത്താൻ തന്റെ രാജികൊണ്ട് സാധിക്കുമെങ്കില്‍ രാജിക്ക് തയാറാണെന്ന് ആരോഗ്യ മന്ത്രി പ്രതികരിച്ചു. ആദ്യ നാലുമരണവും റിപ്പോർട്ട് ചെയ്തത് ഇവർക്ക് ഡ്രിപ് നല്കാൻ ഉപയോഗിച്ച സോഡിയം ലാക്ടേറ്റ് ലായനി ഗുണനിലവാരമില്ലാത്തതായിരുന്നെന്നും, ഇതാണ് വൃക്കതകരാറിന് ഇടയാക്കിയതെന്നുമാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.
പശ്ചിമ ബംഗാളില്‍നിന്നുള്ള പശ്ചിംബംഗ എന്ന മരുന്നുകമ്ബനിയാണ് ബെള്ളാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കർണാടക സർക്കാർ രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. സംഭവത്തെക്കുറിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉമാ മഹാദേവന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സമിതിയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിരുന്നു.
സംഭവത്തെ തുടർന്ന് ഡ്രഗ്സ് കണ്ട്രോളർ ഡോ. എസ്. ഉമേഷിനെ അന്വേഷണ വിധേയമായി ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഗുണനിലവാരമില്ലാത്ത മരുന്ന് വിതരണംചെയ്ത കമ്ബനിയെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താൻ കേന്ദ്രത്തിന് ശിപാർശ ചെയ്യും. സംസ്ഥാനത്തെ എല്ലാ ആശുപത്രികളില്‍നിന്നും ഈ മരുന്ന് പിൻവലിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നല്കി.