ബെല്‍ജിയത്തിന്റെ സുവർണ സംഘം ഒരിക്കല്‍ കൂടി തല കുമ്ബിട്ടു നിന്നു. ബെല്‍ജിയത്തെ ഒറ്റ ഗോളിനു വീഴ്ത്തി ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറില്‍.
കളിയുടെ അവസാന ഘട്ടത്തില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിന്റെ പുറത്തേക്കുള്ള വഴി തുറന്നത്. മത്സരത്തിലുടനീളം ഫ്രഞ്ച് പട ക്യാപ്റ്റൻ എംബാപ്പെയുടെ നേതൃത്വത്തില്‍ വൻ മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ അതെല്ലാം ബെല്‍ജിയം സമർഥമായി തടുത്തിട്ടു. മറുഭാഗത്തും സമാന രീതിയില്‍ ഫ്രാൻസ് പ്രതിരോധം തീർത്തു.
തുടക്കം മുതല്‍ ഫ്രാൻസ് ആക്രമിച്ചു മുന്നേറി. അന്റോയിൻ ഗ്രിസ്മാൻ, എംബാപ്പെ, മാർക്കസ് തുറാം അടങ്ങിയ മുന്നേറ്റം നിരന്തരം ഗോളിനായി ബെല്‍ജിയം ബോക്സിലേക്ക് മുന്നേറ്റം നടത്തി. ഇടതു വിങില്‍ എംബാപ്പെയും വലതു വിങില്‍ ഗ്രിസ്മാനും ബെല്‍ജിയം പ്രതിരോധത്തെ പരീക്ഷിച്ചു. ഒപ്പം തുറാമും. പതിയെ ബെല്‍ജിയവും ആക്രമണ മൂഡിലേക്ക് മാറി.
പന്ത് കൈവശം വച്ച് കളിക്കുന്നതില്‍ ഫ്രാൻസാണ് മുന്നില്‍ നിന്നത്. 34ാം മിനിറ്റില്‍ തുറാമിന്റെ ഹെഡ്ഡർ പുറത്തേക്ക്. ബെല്‍ജിയത്തിന്റെ കൗണ്ടർ അറ്റാക്കുകള്‍ ഫ്രാൻസിനു തലവേദന തീർക്കുന്നുണ്ടായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും ഫ്രാൻസിന്റെ തുടരൻ മുന്നേറ്റങ്ങള്‍. പക്ഷേ ഗോള്‍ അകന്നു നിന്നു.
രണ്ടാം പകുതിയില്‍ ഫ്രാൻസ് ആക്രമണം കൂടുതല്‍ കടുപ്പിച്ചു. ചൗമേനി, എംബാപ്പെ, തുറാം എന്നിവരെല്ലാം ഗോളിനടുത്തെത്തിയെങ്കിലും ബെല്‍ജിയം ഗോള്‍ കീപ്പർ കൊയീൻ കാസ്റ്റീല്‍സ് വിലങ്ങായി നിന്നു. തുറാമിന്റേയും എംബാപ്പെയുടെയും ശ്രമങ്ങള്‍ ബാറിനു മുകളിലൂടെ പുറത്തേക്കും പോയി.
അതിനിടെ ബെല്‍ജിയത്തിനു ബോക്സിനുള്ളില്‍ മികച്ച അവസരം കിട്ടി. എന്നാല്‍ കരാസ്കോ എടുത്ത ഷോട്ട് തിയോ ഹെർണാണ്ടസ് സമർഥമായി ബ്ലോക്ക് ചെയ്തതു ഫ്രാൻസിനു ആശ്വാസം നല്‍കി. 83ാം മിനിറ്റില്‍ കെവിൻ ഡിബ്രുയ്നെയുടെ ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പർ മയ്ഗ്നൻ തട്ടിയകറ്റി. തൊട്ടു പിന്നാലെയാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോള്‍ വന്നത്.
ആക്രമണങ്ങള്‍ തുടർന്ന ഫ്രഞ്ച് പടയ്ക്ക് ബോക്സില്‍ വച്ച് ഒരു സുവർണാവസരം ഒരുങ്ങി. ഗോള്‍ ലക്ഷ്യമിട്ട് കോലോ മുവാനി തൊടുത്ത ഷോട്ട് തടയാനുള്ള ബെല്‍ജിയം ഡിഫൻഡർ യാൻ വെർടോൻഗന്റെ ശ്രമം അമ്ബേ പാളി നേരെ ബെല്‍ജിയം ബോക്സില്‍. കാസ്റ്റീല്‍സിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചായിരുന്നു വെർടോൻഗന്റെ കാലില്‍ പന്ത് തട്ടിയത്. ദിശ മാറി പന്ത് നേരെ വലയിലേക്ക് വീഴുമ്ബോള്‍ കാസ്റ്റീല്‍സ് നിസഹായനായി. അവസാന മിനിറ്റുകളില്‍ സമനില പിടിക്കാനുള്ള ബെല്‍ജിയം ശ്രമങ്ങളൊന്നും കൃത്യതയില്ലാതെ അവസാനിച്ചതോടെ ഫ്രഞ്ച് പട ക്വാർട്ടറില്‍. അവസാന എട്ടില്‍ പോർച്ചുഗലിനേയാണ് എംബാപ്പെയും സംഘവും നേരിടുക.