ബെയ്റൂത്തില്‍ ഇസ്രായേലിന്‍റെ വ്യാപക വ്യോമാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

തെല്‍ അവീവിനെയും ഹൈഫയെയും വിറപ്പിച്ച ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണ പരമ്ബരക്ക് തിരിച്ചടിയായി ബെയ്റൂത്തില്‍ ഇസ്രായേലിന്‍റെ വ്യാപക വ്യോമാക്രമണം.

തുടർച്ചയായി ഏഴ് തവണ നടന്ന ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. ഇരുപക്ഷവും ആക്രമണം അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂനിയനും അമേരിക്കയും ആവശ്യപ്പെട്ടു.

ഇസ്രായേലിനു നേർക്ക് 340 മിസൈലുകളും റോക്കറ്റുകളും അയച്ചായിരുന്നു ഹിസ്ബുല്ലയുടെ തിരിച്ചടി. തലസ്ഥാന നഗരിയായ തെല്‍ അവീവ് ഉള്‍പ്പെടെ ഇസ്രായേല്‍ പ്രദേശങ്ങളില്‍ ആക്രമണത്തില്‍ വൻ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഇന്നലെ പകല്‍ 40 ലക്ഷത്തോളം ഇസ്രായേലികള്‍ പൂർണമായും ബങ്കറുകളില്‍ കഴിച്ചുകൂട്ടേണ്ടി വന്നതായി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. ഒരുഡസനിലേറെ പേർക്ക് പരിക്കുണ്ട്. ഹൈഫയിലെ നാവിക ആസ്ഥാനത്തിനു നേരെയും വിജയകരമായ മിസൈല്‍ ആക്രമണം നടന്നതായി ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ലയുടെ 80 ശതമാനം മിസൈല്‍ ശേഷിയും തകർത്തുവെന്ന ഇസ്രായേല്‍ വാദം ഇതോടെ ദുർബലമായി. ഹിസ്ബുല്ലയുടെ കനത്ത പ്രതിരോധത്തെ തുടർന്ന് ദക്ഷിണ ലബനാനില തന്ത്രപ്രധാന കേന്ദ്രത്തില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിൻവാങ്ങിയതായും റിപ്പോർട്ടുണ്ട്.

ഇതിനു പിന്നാലെയാണ് രാത്രിയില്‍ ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിനു നേർക്ക് ഇസ്രായേല്‍ വ്യാപക വ്യോമാക്രമണം നടത്തിയത്. ബെയ്റൂത്തിലെ കൂടുതല്‍ കെട്ടിടങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാനും ഇസ്രായേല്‍ ആവശ്യപ്പെട്ടു. ആക്രമണം രൂക്ഷമായതോടെ അമേരിക്കൻ പ്രതിനിധി ഹമോസ് ഹോച്സ്റ്റിന്‍റെ നേതൃത്വത്തില്‍ നടന്ന വെടിനിർത്തല്‍ നീക്കവും വഴിമുട്ടി. നിശ്ചിത സമയത്തിനുള്ളില്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മധ്യസ്ഥനീക്കം ഉപേക്ഷിക്കുമെന്ന് അമേരിക്കൻ പ്രതിനിധി മുന്നറിയിപ്പ് നല്‍കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിന് ഉടൻ തയാറാകണമെന്ന് ഹിസ്ബുല്ലയോടും ഇസ്രായേലിനോടും യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു.

അതിനിടെ ഗസ്സയിലും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുകയാണ്. വടക്കൻ ഗസ്സയിലും മറ്റുമായി 46പേർ കൂടി കൊല്ലപ്പെട്ടു. ഗസ്സയില്‍ ഒരു വർഷത്തിലേറെയായി തുടരുന്ന വംശഹത്യയെ വിമർശിക്കുന്ന ഫലസ്തീൻ പൗരന്മാരെ ഇസ്രായേല്‍ തടവിലിട്ട് പീഡിപ്പിക്കുന്നതായി അസോസിയേറ്റഡ് പ്രസ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *