ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; നൃത്തസംവിധായകൻ അറസ്റ്റില്‍

താമസസ്ഥലത്തെത്തിക്കാമെന്നു പറഞ്ഞ് വിദ്യാർഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ബെംഗളൂരുവില്‍ നൃത്തസംവിധായകനായ ആഡുഗോഡി എസ്.ആർ. നഗർ സ്വദേശി മുകേശ്വരൻ എന്ന മുകേഷ് (24) ആണ് അറസ്റ്റിലായത്.

യുവതി നല്‍കിയ സൂചനകളുടെയും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പോലീസ് താമസസ്ഥലത്തുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സാറാ ഫാത്തിമ പറഞ്ഞു.

അവസാനവർഷ ബിരുദവിദ്യാർഥിനിയായ 21-കാരിയാണ് ഞായറാഴ്ച പുലർച്ചെ പീഡനത്തിനിരയായത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തുക്കളോടൊപ്പം നഗരത്തിലെ കോറമംഗലയില്‍ ഒരുപാർട്ടിയില്‍ പങ്കെടുത്ത് തിരികെവരുകെയായിരുന്നു യുവതി. സുഹൃത്തിന്റെ കാറിലായിരുന്നു പുറപ്പെട്ടത്.

യാത്രയ്ക്കിടെ കാർ ഒരു ഓട്ടോറിക്ഷയില്‍ തട്ടി. ഇതോടെ ചുറ്റുംകൂടിയ ഓട്ടോറിക്ഷാ ഡ്രൈവർമാരോട് സുഹൃത്ത് സംസാരിക്കുന്നതിനിടെ യുവതി കാറില്‍നിന്നിറങ്ങി മുന്നോട്ടുനടന്നു.

ഈ സമയത്ത് അതുവഴിവന്ന മുകേഷ് വിദ്യാർഥിനിയെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ബൈക്കില്‍ കയറ്റി. തുടർന്ന് ഹൊസൂർ മെയിന്റോഡിനു സമീപമുള്ള ഗോഡൗണിനുമുമ്ബിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *