കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി പി ചിദംബരം പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു
ബീഫ് കഴിക്കുന്നത് അവകാശമാണെന്ന് പറയുമ്പോള്‍ എന്ത് കൊണ്ട് ഗോമൂത്രം കുടിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജന്‍.
ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പരാമര്‍ശത്തെ പിന്തുണച്ചാണ് ഈ വാക്കുകള്‍.
ഒരു വിഭാഗം പറയുന്നത് ബീഫ് അവരുടെ അവകാശമായതിനാല്‍ കഴിക്കുമെന്നാണ്. മറ്റൊരു വിഭാഗം രോഗങ്ങള്‍ ഭേദമാക്കാന്‍ ഗോമൂത്രം ഉപയോഗിക്കുമ്പോള്‍ അവര്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് തമിഴിസൈ സൗന്ദരരാജന്‍ ചോദിച്ചു. വിവാദങ്ങള്‍ അനാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഗോമൂത്രത്തിന്റെ ഔഷധമൂല്യത്തെ പുകഴ്ത്തിക്കൊണ്ടുള്ള കാമകോടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകുമെന്നാണ് കാമകോടിയുടെ പ്രസ്താവന.
മാത്രമല്ല ഇതിന് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. ഗോമൂത്രം കുടിച്ചാല്‍ എത്ര കടുത്ത പനിയും മാറുമെന്ന് തന്റെ അച്ഛനോട് നിര്‍ദേശിച്ച ഒരു സന്യാസിയുടെ കഥ പരാമര്‍ശിച്ചുകൊണ്ടാണ് കാമകോടി ഇക്കാര്യം വ്യക്തമാക്കിയത്.
മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പ്രസ്താവനയ്‌ക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി പി ചിദംബരം പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു, ‘ഡയറക്ടര്‍ കപടശാസ്ത്രം പ്രചരിപ്പിക്കുന്നത് യോഗ്യമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.