ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച വയനാട് ജില്ല മുൻ അധ്യക്ഷൻ കെ.പി. മധുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ.
നേരത്തെ ബി.ജെ.പിയില്‍ സന്ദീപ് വാര്യർക്ക് വയനാടിന്റെ ചുമതലയുണ്ടായിരുന്നു. ഈ ആത്മബന്ധം കൂടി കണക്കിലെടുത്താണ് മധുവുമായി സന്ദീപ് ചർച്ച നടത്തുന്നത്. ഇടത്, വലത് മുന്നണികളില്‍ നിന്നുള്ളവർ മധുവുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമാകാൻ തന്നെയാണ് മധുവിന്റെ തീരുമാനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് മാറുന്ന സാഹചര്യത്തില്‍ താനുമായി ചർച്ച നടത്തിയെന്നും അന്ന് നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയില്‍ ഗ്രൂപ് കളികള്‍ മാത്രമാണ് നടക്കുന്നത്. അഭിപ്രായവ്യത്യാസമുള്ളവരെ കേള്‍ക്കാൻപോലും നേതൃത്വം തയാറാകുന്നില്ല. ഒമ്ബതു മാസംമുമ്ബാണ് മധുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ പുല്‍പള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടർന്നാണിത്. ളോഹയിട്ട ചിലരാണ് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രസ്താവന.
ക്രിസ്ത്യൻ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍, പിന്നീട് സംസ്ഥാന-ജില്ല നേതൃത്വം സംസാരിച്ചിട്ടില്ല. പോകുന്നവർ പോകട്ടെ എന്ന നിലപാടാണ് നേതാക്കള്‍ക്ക്. ഗ്രൂപ് കളിക്കാനും തമ്മിലടിക്കാനും ബി.ജെ.പി വേണമെന്നില്ലെന്നും മധു പറഞ്ഞു. പുതിയ നീക്കം പുറത്തറിഞ്ഞിട്ടും ബി.ജെ.പി നേതൃത്വത്തിലുളളവർ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മധു കൂട്ടിച്ചേർത്തു. ഇതിനിടെ, മധു കോണ്‍ഗ്രസില്‍ ചേരാൻ സാധ്യതയെന്ന് അറിയുന്നു. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ സ്വീകരണമൊരുക്കാൻ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങിയതായാണ് പറയുന്നത്.