ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചതായി റിപ്പോർട്ട്.
മരിച്ചവരില്‍ മൂന്നുപേർ സ്ത്രീകളാണ്. സംഭവത്തില്‍ 35 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു. പരിക്കേറ്റവരെ ജെഹാനാബാദ, മഖ്ദുംപൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മഖ്ദുംപൂര്‍ ബ്ലോക്കിലെ വാനവര്‍ കുന്നിലായിരുന്നു അപകടം നടന്നത്.
ശ്രാവണ്‍ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് ഭക്തര്‍ കൂട്ടത്തോടെ ദര്‍ശനത്തിനെത്തിയതാണ് തിരക്ക് അനിയന്ത്രിതമാകാൻ കാരണമായത് എന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ വൻ തിരക്ക് ഉണ്ടായിരുന്നു. മരിച്ചവരെ ഇതുവേ തിരിച്ചറിഞ്ഞിട്ടില്ല. അതിനുള്ള ശ്രമം നടന്നു വരികയാണെന്ന് ജെഹാനാബാദ് ജില്ലാ കലക്ടര്‍ അലംകൃത പാണ്ഡെ അറിയിച്ചിട്ടുണ്ട്.