ബിഹാറിലെ ഉദ്യോഗാർഥികളുടെ സമരത്തില്‍ ജൻ സൂരജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിനെതിരെ പൊലീസ് കേസെടുത്തു.
പ്രതിഷേധത്തിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെയും ജൻ സൂരജ് പാർട്ടിയുടെയും പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സിസിഇ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഡിസംബർ 13ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. ഉദ്യോഗാർഥികള്‍ക്ക് പിന്തുണയുമായി ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. പരീക്ഷാർഥികളുടെ ആവശ്യം ന്യായമാണെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. പ്രശാന്ത് കിഷോർ സമരത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു എന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.
വിദ്യാർഥികളുടെ ഭാവി വെച്ച് സർക്കാർ കളിക്കരുതെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവ്, മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയക്കുകയും ചെയ്തു.
അതേസമയം ബിഹാർ സർക്കാരിനെതിരെ കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയും രംഗത്ത് എത്തി. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരുകള്‍ യുവാക്കള്‍ക്ക് നേരെയുള്ള ഇരട്ടിച്ച ക്രൂരതയുടെ പ്രതീകമാകുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
‘കൊടും തണുപ്പില്‍ യുവാക്കള്‍ക്ക് നേരെ ജലപീരങ്കിയും ലാത്തി ചാർജും നടത്തുന്നത് മനുഷ്യത്വരഹിതമാണ്. പരീക്ഷ തട്ടിപ്പും പേപ്പർ ചോർച്ചയും തടയുക സർക്കാരിൻ്റെ ചുമതലയാണ്. അഴിമതി തടയുന്നതിനു പകരം പരീക്ഷാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്’- പ്രിയങ്ക വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർന്നെന്ന് ആരോപിച്ച് ഇന്നലെയാണ് ആയിരത്തിലധികം വരുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പറ്റ്നയിലെ ഗാന്ധി മൈതാനിയിലാണ് അവര്‍ തടിച്ചുകൂടിയത്. പിന്നാലെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. പൊലീസിന്റെ ഉച്ചഭാഷിണികള്‍ തകർക്കുകയും ഡ്യൂട്ടിയിലായിരുന്ന മജിസ്‌ട്രേറ്റുമാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ഉദ്യോഗാര്‍ഥികള്‍ ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.