അമല്‍ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങള്‍ പോലും ഇതിനായുള്ള കാത്തിരിപ്പിലാണ്.
ബിലാലിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് എങ്കിലും തരാമോ അമലേട്ടാ എന്നാണ് ആരാധകർ സംവിധായകനോട് ചോദിക്കുന്നത്. ഭീഷ്മപർവ്വതത്തിന് ശേഷം അമല്‍ നീരദ് ബിലാലിലേക്ക് കടക്കുമെന്ന് കരുതിയവർക്ക് തെറ്റി. ശേഷം ചെയ്തത് ബോഗെയ്ൻവില്ല ആയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
ഇപ്പോഴിതാ, അമല്‍ നീരദിന്റെ അടുത്ത പടവും ബിലാല്‍ അല്ല എന്നാണ് സൂചന. അമല്‍ നീരദ് അടുത്തതായി കൈകോർക്കുന്നത് സൂര്യയുമായിട്ടാണ്. തമിഴ് സിനിമയുടെ പണിപ്പുരയിലാണ് അമല്‍ നീരദ് എന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ 44 ന്റെ ലൊക്കേഷനില്‍ വെച്ച് അമല്‍ നീരദും സൂര്യയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പുതിയ സിനിമയ്ക്ക് വേണ്ടി ആണെന്നാണ് സൂചന.
45 ദിവസമായിരിക്കും ചിത്രത്തിന് ഷൂട്ടിങ് ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. തമിഴിന് പുറമെ മലയാളത്തിലെയും ആർട്ടിസ്റ്റുകള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ സൂര്യയോ അമല്‍ നീരദോ ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.