തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ബി.ജെ.പിയുടെ സാമ്പത്തികവിഭാഗം അധ്യക്ഷൻ എം.എസ്. ഷായാണ് അറസ്റ്റിലായത്. മധുര സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്
തന്റെ ഭാര്യയുമായി ഷായ്ക്ക് ബന്ധമുണ്ടെന്നും ഭാര്യയുടെ സഹായത്തോടെ തന്റെ 15 വയസുള്ള മകളെ ഷാ പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ഇയാളുടെ പരാതി. പെൺകുട്ടിയുടെ അമ്മയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
കഴിഞ്ഞവർഷമാണ് ബിജെപി നേതാവിനെതിരെ യുവാവ് പോലീസിൽ പരാതിനൽകിയത്. സ്‌കൂൾ വിദ്യാർഥിനിയായ മകളുടെ ഫോണിലേക്ക് ഷാ തുടർച്ചയായി അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്നും ലൈംഗികപീഡനത്തിന് ശ്രമിച്ചെന്നുമായിരുന്നു പരാതി. ഷായുമായി അടുപ്പമുള്ള തന്റെ ഭാര്യ ഇതിനുവേണ്ട സഹായം ചെയ്തുകൊടുത്തെന്നും പരാതിയിൽപറയുന്നുണ്ട്. സാമ്പത്തികസഹായം നൽകിയും ഉപഹാരങ്ങൾ നൽകിയുമാണ് ഷാ തന്റെ ഭാര്യയുമായി അടുത്തതെന്ന് പരാതിക്കാരൻ പറയുന്നു.
പോലീസ് കേസെടുത്തതിനാ പിന്നാലെ അതിനെതിരേ ഷാ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹർജി നൽകിയിരുന്നു. എന്നാൽ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി പോലീസിന് അനുമതിനൽകി. ഇതേത്തുടർന്നാണ് അറസ്റ്റ് .