കൊച്ചി:
‘എനിക്ക് പത്ത് ലക്ഷമോ ഇരുപത് ലക്ഷമോ തരാമെന്ന് ആരും പറഞ്ഞിട്ടില്ല. ഒരു വാഗ്ദാനവും ഇല്ല’
ബാധ്യതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സഹായിക്കാമെന്ന് പറഞ്ഞതായി കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജു വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം പുറത്തുവിട്ട് സിപിഐഎം. പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസിനകത്ത് വെച്ച് മറ്റ് അംഗങ്ങളുമായി കലാ രാജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സിപിഐഎം പുറത്തുവിട്ടത്. സാമ്പത്തിക ബാധ്യതകള്‍ അന്വേഷിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി കലാ രാജു അംഗങ്ങളോട് പറയുന്നുണ്ട്. കൂറുമാറാന്‍ കലാരാജുവിന് കോണ്‍ഗ്രസ് നേതാക്കള്‍ സാമ്പത്തിക സഹായം നല്‍കിയെന്ന് സിപിഐഎം നേരത്തെ ആരോപിച്ചിരുന്നു.
‘എനിക്ക് പത്ത് ലക്ഷമോ ഇരുപത് ലക്ഷമോ തരാമെന്ന് ആരും പറഞ്ഞിട്ടില്ല. ഒരു വാഗ്ദാനവും ഇല്ല. ഒപ്പം നിന്ന് ബാങ്കിന്റെ കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെ’ന്ന് കലാ രാജു അവകാശപ്പെടുന്നു. ഈ വാഗ്ദാനത്തിന്റെ മേല്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടതുണ്ടോയെന്ന് ചോദിക്കുമ്പോള്‍ അതുപോലും സിപിഐഎം ചെയ്തില്ലല്ലോയെന്നാണ് മറിച്ച് കലാ രാജു ചോദിക്കുന്നത്. അവരേക്കാള്‍ ബലം നമുക്കില്ലേ. ഭരണം നമ്മുടെ കൈയ്യിലുണ്ട്. അപ്പോള്‍ അവരാണോ അന്വേഷിക്കേണ്ടത് എന്ന് വീണ്ടും മറ്റൊരു അംഗം തിരിച്ചു ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
കൂത്താട്ടുകുളം നഗരസഭയില്‍ നടന്നത് കുതിരക്കച്ചവടമെന്നായിരുന്നു സിപിഐഎം ആരോപണം. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളില്‍ വിശദീകരണം നല്‍കുന്നതുമായി ബന്ധപെട്ടു നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസിനും മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും ഡിസിസി പ്രസിഡൻ്റ് ഷിയാസിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനും ഏരിയാ സെക്രട്ടറി പിബി രതീഷും ഉന്നയിച്ചത്. കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോണ്‍ഗ്രസിൻ്റെയും വലയിലാണെന്ന് സിഎന്‍ മോഹനനും കോണ്‍ഗ്രസ് പണം വാഗ്ദാനം ചെയ്‌തെന്ന് കലാ രാജു പറഞ്ഞതായി പി ബി രതീഷും പറഞ്ഞിരിന്നു.