31 സ്റ്റേഷനുകളും 44.65 കിലോമീറ്റർ നീളവുമുള്ള ബാംഗ്ലൂർ മെട്രോ റെയില്‍ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ രണ്ട് ഇടനാഴികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.
ജെ.പി നഗർ നാലാം ഭാഗം മുതല്‍ കെമ്ബാപുര വരെയുള്ള പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ് ഇടനാഴി-1ന് 21 സ്റ്റേഷനുകളും 32.15 കിലോമീറ്റർ ദൈർഘ്യവുമുണ്ട്.
ഹൊസഹള്ളി മുതല്‍ കടബാഗെരെ വരെ മഗഡി റോഡിലൂടെയുള്ള 12.50 കിലോമീറ്റർ നീളത്തിലുള്ള ഇടനാഴി-2ന് 9 സ്റ്റേഷനുകളുണ്ട്. മൂന്നാം ഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ ബംഗളൂരു നഗരത്തില്‍ 220.20 കിലോമീറ്ററില്‍ സജീവ മെട്രോ റെയില്‍ ശൃംഖല സംജാതമാകും. 15,611 കോടി രൂപയാണ് പദ്ധതിയുടെ പൂർത്തീകരണ ചെലവ്.മൂന്നാംഘട്ടത്തില്‍, ബംഗളൂരു നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ബന്ധിപ്പിക്കുന്ന 44.65 കിലോമീറ്ററില്‍ പുതിയ മെട്രോ പാത വരും.
പീനിയ വ്യവസായിക മേഖല, ബന്നാർഘട്ട റോഡിലെയും ഔട്ടർ റിങ് റോഡിലെയും ഐ.ടി വ്യവസായങ്ങള്‍, തുമകൂരു റോഡിലെ ടെക്സ്റ്റൈല്‍ -എൻജിനീയറിങ് ഉല്‍പാദന യൂനിറ്റുകള്‍, ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, പെസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നഗരത്തിലെ പ്രധാന മേഖലകള്‍ മൂന്നാം ഘട്ടത്തില്‍ സംയോജിപ്പിക്കും. യൂനിവേഴ്‌സിറ്റി, അംബേദ്കർ കോളജ്, പോളിടെക്‌നിക് കോളജ്, കെ.എല്‍.ഇ കോളജ്, ദയാനന്ദസാഗർ സർവകലാശാല, ഐ.ടി.ഐ മുതലായവയും ഈ ഭാഗത്തില്‍പ്പെടും. എല്ലാ മൂന്നാം ഘട്ട സ്റ്റേഷനുകളിലും പ്രത്യേക ബസ് ബേകള്‍, പിക്‌അപ് ആൻഡ് ഡ്രോപ് ബേകള്‍, കാല്‍നട പാതകള്‍, ഓട്ടോ സ്റ്റാൻഡുകള്‍ എന്നിവയുണ്ട്. മഹാരാഷ്ട്രയിലെ താനെ ഇന്റഗ്രല്‍ റിങ് മെട്രോ റെയില്‍ പദ്ധതി ഇടനാഴിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 29 കിലോമീറ്റർ ഇടനാഴി താനെ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 22 സ്റ്റേഷനുകളിലൂടെ കടന്നുപോകും. 12,200.10 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ബിഹാറിലെ പട്നയിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതി നിർദേശത്തിനും മന്ത്രിസഭ സമിതി അംഗീകാരം നല്‍കി.