നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-0 ത്തിനു തോല്‍പ്പിച്ച് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്ന്റ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്തെത്തി.
നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകമായ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബഗാനു വേണ്ടി മന്‍വീര്‍ സിങും ലിസ്റ്റണ്‍ കൊളാകോയും ഗോളടിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 10 കളികളില്‍നിന്ന് 23 പോയിന്റുമായാണു ബഗാന്റെ മുന്നേറ്റം. 23 പോയിന്റുള്ള ബംഗളുരു എഫ്.സിയെയാണു ബഗാന് മറികടന്നത്.
ബംഗളുരു 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. 11 മത്സരങ്ങളില്‍നിന്നു 15 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് ആറാം സ്ഥാനത്താണ്. ഇന്നലെ 65-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് ബഗാനെ മുന്നിലെത്തിച്ചു. ആശിശ് റായുടെ സഹായത്തോടെയായിരുന്നു മന്‍വീര്‍ ഗോളടിച്ചത്.
ആശിഷ് എത്തിച്ചു നല്കിയ പന്തിനെ ഇടംകാലനടിയിലൂടെ മന്‍വീര്‍ ഗോളാക്കി. 71-ാം മിനിറ്റില്‍ ആശിശ് റായ് തന്നെ രണ്ടാം ഗോളിനും വഴിയായി. റായ് നല്കിയ പന്തിനെ കൊളാകോ വലംകാലനടിയിലൂടെ വലയ്ക്കുള്ളിലാക്കി. കളിയുടെ 56 ശതമാനം സമയത്തും പന്ത് ബഗാന്റെ പക്കലായിരുന്നു.