മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ശാന്തമാകാതെ ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം അവാമി ലീഗ് പാർട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് അക്രമികള്‍ തീയിട്ടതിന് പിന്നാലെ 24 പേരാണ് ജീവനോടെ കത്തിയമർന്നത്.150ഓളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒരു ഇന്തൊനേഷ്യൻ പൗരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജോഷർ ജില്ലയിലെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഷാഹിന്റെ ഉടമസ്ഥതയിലുള്ള സാബിർ ഇന്റർനാഷണല്‍ ഹോട്ടലിനാണ് ആള്‍ക്കൂട്ടം തീയിട്ടത്.
ഹോട്ടലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടാകാമെന്നും, മരണസംഖ്യ ഉയർന്നേക്കാമെന്നുമാണ് ഹോട്ടല്‍ ജീവനക്കാർ പറയുന്നത്. കലാപകാരികള്‍ ഹോട്ടലിന്റെ താഴത്തെ നിലയിലാണ് ആദ്യം തീയിട്ടത്. ഇത് മുകള്‍ നിലകളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. അവാമി ലീഗ് നേതാക്കളുടെ വീടുകളും ഓഫീസുകളും തിരഞ്ഞ് പിടിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തുന്നത്.
രാജ്യത്ത് ഹിന്ദുക്കളുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും, ക്ഷേത്രങ്ങള്‍ക്ക് നേരെയും വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ എട്ട് ശതമാനവും ഹിന്ദുക്കളാണ്. ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കാണ് വർഷങ്ങളായി ബംഗ്ലാദേശിലെ ഹിന്ദു സമൂഹം പിന്തുണ കൊടുക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഹിന്ദുക്കളായ ആളുകളുടെ 300ഓളം വീടുകളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടുവെന്നാണ് കണക്ക്. 20ഓളം ക്ഷേത്രങ്ങളും അക്രമികള്‍ നശിപ്പിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിലും, പൊതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലും ബിഎൻപി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ ആശങ്കയറിയിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇവർ ജയില്‍ മോചിതയായത്. രാജ്യം നമ്മുടേതാണെന്നും, നശിപ്പിച്ച് കളയാതെ പുതിയൊരു ബംഗ്ലാദേശിനെ കെട്ടിപ്പടുക്കണമെന്നും ഖാലിദ സിയ ബംഗ്ലാദേശ് ഖിലാഫത്ത് മജ്ലിസ് സെക്രട്ടറി ജനറല്‍ മൗലാന മാമുനുല്‍ ഹഖുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.