ബംഗ്ലാദേശിലെ കലാപത്തിന് പിന്നില്‍ അമേരിക്ക, പ്രധാനമന്ത്രി പദം രാജി വച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഷേഖ് ഹസീന

ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വച്ചതെന്നും അവർ‌ വ്യക്തമാക്കി.

പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുൻപ് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലാണ് ഹസീനയുടെ ആരോപണം.

പ്രക്ഷോഭകാരികള്‍ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് കയറുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പ്രസംഗം ഹസീന ഒഴിവാക്കിയത്. സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറാനും ബംഗാള്‍ ഉള്‍ക്കടലില്‍ അവരുടെ അപ്രമാദിത്തം തുടരാനും അനുവദിച്ചിരുന്നെങ്കില്‍ തനിക്ക് ഭരണത്തില്‍ തുടരാൻ കഴിയുമായിരുന്നെന്ന് ഹസീന പ്രസംഗത്തില്‍ ആരോപിക്കുന്നു.

രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദി അമേരിക്കയാണ്. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാൻ താത്പര്യമില്ലായിരുന്നു. അതു കൊണ്ടാണ് രാജി വച്ചത്. വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ അദികാരം പിടിച്ചെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതിന് ഞാൻ അനുവദിക്കില്ല. മതമൗലീകവാദികളുടെ കൗശലങ്ങളില്‍ വീണുപോകരുതെന്ന് രാജ്യത്തോട് അപേക്ഷിക്കുകയാണെന്നും ഇനിയും ബംഗ്ലാദേശില്‍ തുടർന്നാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേക്കാമെന്നും ഷേഖ് ഹസീന പ്രസംഗത്തില്‍ പറയുന്നു. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും താൻ ഉടൻ മടങ്ങിവരുമെന്നും പ്രസംഗ്ത്തില്‍ പറയാൻ് ഹസീന ഉദ്ദേശിച്ചിരുന്നു.

അതേസമയം ഷേഖ് ഹസീന എത്രദിവസം ഇന്ത്യയില്‍ തങ്ങുമെന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം മൗനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *