ബംഗളൂരുവില്‍ കനത്ത മഴ; വെള്ളക്കെട്ട്

തിങ്കളാഴ്ച പുലർച്ചെ ഇടി മിന്നലിന്റെ അകമ്ബടിയില്‍ പെയ്ത കനത്ത മഴയില്‍ ബംഗളൂരു നഗരത്തില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.

മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ മുറിഞ്ഞുവീണും പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും ഓവുചാലുകള്‍ കാര്യക്ഷമമല്ലാത്ത റോഡുകളിലും വെള്ളം കയറി. മെജസ്റ്റിക്, ആർ.ആർ നഗർ, നന്ദിനി ലേഔട്ട്, ബി.ടി.എം ലേഔട്ട്, എച്ച്‌.എസ്.ആർ ലേഔട്ട്, കെങ്കേരി, ദാസറഹള്ളി, ബ്യാടരായനപുര, നാഗവാര, മൈസൂർ റോഡ് ജങ്ഷൻ, ഗുഞ്ജൂർ, ചാലൂക്യ സർക്കിളിനു സമീപം വിൻഡ്സർ മാനർ ബ്രിഡ്ജ്, മില്ലേഴ്സ് റോഡ് അടിപ്പാത, ശാന്തിനഗർ, കോറമംഗല 80 ഫീറ്റ് റോഡ്, കോറമംഗല ഇൻഡോർ സ്റ്റേഡിയം, ലാവെല്ലെ റോഡ്, സാങ്കി റോഡിലെ വിവിധ പ്രദേശങ്ങള്‍, വിമാനത്താവള റോഡിലെ വദ്ദരപാളയ ജങ്ഷൻ, വിവേക് നഗർ, ഈജിപുര, ഗംഗാനഗർ, പാണത്തൂർ അടിപ്പാത തുടങ്ങിയയിടങ്ങളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.

രാവിലെ ഒമ്ബതോടെയാണ് പലയിടത്തും വെള്ളക്കെട്ടൊഴിഞ്ഞു തുടങ്ങിയത്. രാവിലെ പത്തോടെ ഗതാഗതം പൂർവസ്ഥിതിയിലായി. ബംഗളൂരുവിന്റെ കിഴക്കൻ, തെക്കൻ മേഖലകളില്‍ പകലിലും മഴ ഭീഷണി തുടർന്നു. കനത്ത മഴ കണക്കിലെടുത്ത് ബംഗളൂരുവിലെ അംഗൻവാടി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ചിലയിടങ്ങളില്‍ അപാർട്ട്മെന്റുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പാർക്കിങ് ഏരിയകളിലും വീടുകളിലും വെള്ളം കയറി. ഞായറാഴ്ചയും സമാന സാഹചര്യമുണ്ടായിരുന്നു.

രണ്ടു ദിവസംകൂടി മഴ തുടരും

ബംഗളൂരു: ബംഗളൂരു, ബംഗളൂരു റൂറല്‍ എന്നിവയടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ രണ്ടുമൂന്നു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗളൂരു, ബംഗളൂരു റൂറല്‍, രാമനഗര, കോലാർ, കുടക്, ഹാസൻ, ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട തുടങ്ങി 17 ജില്ലകളില്‍ യെല്ലോ അലർട്ടും ശിവമൊഗ്ഗ, ചിക്കമഗളൂരു ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *