യുഎസ് തെരഞ്ഞെടുപ്പിന്റ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപിന് മുൻതൂക്കം.ഫ്ളോറിഡയടക്കം 9 സ്റ്റേറ്റുകളില്‍ ട്രംപ് വിജയം നേടിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് 8 സ്റ്റേറ്റുകളില്‍ വിജയം ഉറപ്പിച്ചു.എട്ട് ഇലക്ടറല്‍ വോട്ടുകള്‍ അനുവദിച്ച യാഥാസ്ഥിതിക സംസ്ഥാനമായ കെൻ്റക്കിയില്‍ ട്രംപ് വിജയം നേടി. 2000 മുതല്‍ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നില്ക്കുന്ന സംസ്ഥാനമാണ് കെന്റക്കി. യാഥാസ്ഥിതിക ചായ്വുള്ള ഇൻഡ്യാനയും ട്രംപിനൊപ്പം നിന്നു.ദീർഘകാലമായി ഡെമോക്രാറ്റിക് കോട്ടയായ വെർമോണ്ടില്‍, ഇത്തവണയും കമല ഹാരിസ് വിജയിച്ചു . സംസ്ഥാനത്തെ മൂന്ന് ഇലക്ടറല്‍ വോട്ടുകള്‍ കമല നേടി. 1992 മുതല്‍ എല്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിലും വെർമോണ്ട് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണച്ചിട്ടുണ്ട്. ഇല്ലിനോയിസ്,മേരിലാൻഡ്, മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, റോഡ് ഐലൻഡ്, ഡെലവെയർ എന്നിവിടങ്ങളിലും കമല വിജയിച്ചു.റിപ്പോർട്ടുകളനുസരിച്ച് ട്രംപിന് നിലവില്‍ 101 ഇലക്ടറല്‍ വോട്ടുകളാണുള്ളത്, കമലാ ഹാരിസിന് 71 ഉം. പ്രസിഡൻ്റ് സ്ഥാനം അവകാശപ്പെടാൻ 270 ഇലക്ടറല്‍ വോട്ടുകളാണ് ആവശ്യം. 50 സംസ്ഥാനങ്ങളില്‍ 25 എണ്ണത്തിലും വോട്ടെടുപ്പ് പൂർത്തിയായി. അരിസോണ, ജോർജിയ, മിഷിഗണ്‍, നെവാഡ, നോർത്ത് കരോലിന, പെൻസില്‍വാനിയ, വിസ്കോണ്‍സിൻ എന്നീ സ്വിങ് സ്റ്റേറ്റ്സുകളിലെ ഫലമാണ് നിർണായകമാകുന്നത്.