ഫ്രാന്‍സിലെ മയോട്ടെയില്‍ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം സാധ്യമായ എല്ലാ സഹായങ്ങളും നല്കാന്‍ തയാറാണെന്നും കൂട്ടിച്ചേര്‍ത്തു.
മയോട്ടെയില്‍ ചിഡോ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളില്‍ അഗാധമായ ദുഃഖമുണ്ട്. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അതിജീവിക്കുമെന്ന് ഉറപ്പുണ്ട്. ഭാരതം ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്കാന്‍ തയാറാവുകയും ചെയ്യുന്നു. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
മഡഗാസ്‌കറിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ടെ ദ്വീപില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച ചിഡോ ചുഴലിക്കാറ്റ് വന്‍നാശമാണ് വിതച്ചത്. മണിക്കൂറില്‍ 136 മൈല്‍ (220 കിലോമീറ്റര്‍) വേഗത്തിലാണ് കാറ്റ് വീശിയത്. കനത്ത മഴയും ഉണ്ടായി. നിരവധി വീടുകളും റോഡുകളും തകര്‍ന്നു. വൈദ്യുതിത്തൂണുകള്‍ നിലംപതിച്ചു. അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചു.