ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താൻസ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 11 യാത്രക്കാര്‍ക്ക് പരിക്ക്

ബ്യൂനസ് അയേഴ്സില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു.

11 യാത്രക്കാർക്ക് പരിക്കേറ്റതായി എയർലൈൻ വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നല്‍കി. അഞ്ച് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും നിസാര പരിക്കേറ്റതായി ലുഫ്താൻസ വക്താവിനെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

എന്നാല്‍, വിമാനത്തിന്റെ സുരക്ഷക്ക് ഒരു സമയത്തും അപകടമുണ്ടായിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. ലുഫ്ത്താൻസയുടെ ബോയിങ് 747-8 വിമാനത്തില്‍ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

മേയ് മാസത്തില്‍ മ്യാൻമറിന് മുകളിലൂടെ പറക്കുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് യാത്രാവിമാനം ആകാശച്ചുഴിയില്‍ പതിച്ച്‌ യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിക്കുകയും 30 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *