ഫെബ്രുവരിയിലും ഭൂമിയില്‍ എത്തില്ല; സുനിത വില്യംസും വില്‍മോറും മടങ്ങാൻ ഇനിയും വൈകുമെന്ന് നാസ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന രണ്ട് യുഎസ് ബഹിരാകാശ യാത്രികരുടെ മടങ്ങിവരവ് ഇനിയും വൈകുമെന്ന് നാസ.

ബോയിംഗ് സ്റ്റാർലൈനറിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും സഹസഞ്ചാരി ബുച്ച്‌ വില്‍മോറും മാർച്ച്‌ അവസാനം വരെ അവിടെ തുടരുമെന്നാണ് നാസ ചൊവ്വാഴ്‌ച അറിയിച്ചത്.

2024 ജൂണ്‍ ഏഴിനാണ് ഇരുവരും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. എട്ട് ദിവസം ഇവിടെ ചെലവിട്ട് ജൂണ്‍ 13ന് തന്നെ മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, പേടകത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഇരുവർക്കും അതേ പേടകത്തില്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങാനായില്ല. തുടർന്ന് 2025 ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിക്കുന്ന സ്‌പേസ് എക്‌സില്‍ ക്രൂ 9 പേടകത്തില്‍ ഇവരെ തിരികെ എത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാല്‍, ഈ ദൗത്യം ഇപ്പോള്‍ മാർച്ചിലേക്ക് മാറ്റിയിരിക്കുകയാണ് നാസ. അതിനാല്‍, ഇവർ ഭൂമിയിലെത്താൻ വൈകും.

എട്ട് ദിവസത്തേക്ക് പോയ സുനിതയും വില്‍മോറും ഒമ്ബത് മാസത്തിലധികമായി ബഹിരാകാശ നിലയത്തില്‍ കഴിയുകയാണ്. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍, ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനിടെ സാന്താ തൊപ്പി ധരിച്ച സുനിതയുടെ ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *