ഫിസിയോതെറാപ്പിക്കിടെ മുറി അകത്തുനിന്ന് പൂട്ടി യുവതിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ മകൻ പിടിയില്‍

ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉടമയെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂർ ബസ്സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത്ത് നന്പ്യാർ (42) ആണ് അറസ്റ്റിലായത്. ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടിയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ജില്ലയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് ശരത്ത്. ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തില്‍ വെല്‍നസ് ക്ലിനിക്കും ജിമ്മും നടത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ഥാപനത്തിലെ വനിതാതെറാപ്പിസ്റ്റുകളാണ് ആദ്യം യുവതിയെ പരിശോധിച്ചത്. അവർ പോയപ്പോള്‍ ഫിസിയോതെറാപ്പിസ്റ്റല്ലാത്ത ശരത്ത് മുറിയിലേക്ക് കടന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഒരു സംഘമെത്തി സ്ഥാപനത്തിലെ ഉപകരണങ്ങളും ചില്ലും തകർത്തു. അക്രമം നടത്തിയ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ക്ളിനിക്ക് അടിച്ചുതകർത്തു; അഞ്ചുപേർ അറസ്റ്റില്‍

ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ റിമാൻഡിലായ ശരത്ത് നമ്ബ്യാരുടെ സ്ഥാപനം ഒരു സംഘം അടിച്ചുതകർത്തു. ആരോഗ്യ-വെല്‍നസ് ക്ലിനിക്-ജിമ്മിന് നേരേയാണ് ചൊവ്വാഴ്ച ഉച്ചയോടെ അക്രമം നടന്നത്. ജിംനേഷ്യത്തിലേക്ക് കടന്നവർ കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകർത്തു. സി.സി.ടി.വി. ക്യാമറകള്‍ തച്ചുടച്ചശേഷമായിരുന്നു അക്രമം. ജിമ്മിലെ ഉപകരണങ്ങളും ജനല്‍ പാളികളും അടിച്ചുതകർത്തു.

ശൗചാലയങ്ങളും വാഷ് ബേസിനുകളും തകർന്ന നിലയിലാണ്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അഞ്ചുപേരെ അറസ്റ്റു ചെയ്തു. ഇ. കപില്‍ (32), എം.വി. ഷനു (36), അഖില്‍ ഭാസ്കർ (29), ഇ. ലിഗിൻ (28), എൻ. ശ്യാം (27) എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *