ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ ഇന്ന് ദോഹയില്‍ പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ വഴി നടക്കുന്ന അവാര്‍ഡ് പ്രഖ്യാപനം ഫിഫ വെബ്‌സൈറ്റ് വഴി സംപ്രേക്ഷണം ചെയ്യും.
കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, റോഡ്രി ആരാകും ഫിഫ ദ ബെസ്റ്റ് എന്ന് ഇന്ന് ഖത്തറില്‍ പ്രഖ്യാപിക്കും. ദോഹയില്‍ നടക്കുന്ന ഗാല ഡിന്നറില്‍ ഓണ്‍ലൈന്‍ വഴി പ്രഖ്യാപനം നടത്തുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൃത്യമായ സമയം പുറത്തുവിട്ടിട്ടില്ല.
2022 ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം വാര്‍ഷികവും ഖത്തറിലെ പ്രമുഖ ഫുട്ബാള്‍ പരിശീലന കേന്ദ്രമായ ആസ്പയര്‍ അകാദമിയുടെ 20ാം വാര്‍ഷികവും ആഘോഷിക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ മത്സരത്തിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍, ലോകഫുട്ബാള്‍ താരങ്ങള്‍ എന്നിവര്‍ ദോഹയിലെത്തിയിട്ടുണ്ട്. നവംബര്‍ അവസാന വാരത്തില്‍ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെ ചുരുക്കപട്ടിക പ്രഖ്യാപിച്ചിരുന്നു. പത്ത് പേരാണ് ഓരോ വിഭാഗത്തിലും ചുരുക്കപ്പട്ടികയിലുള്ളത്. മികച്ച പുരുഷ-വനിതാ തരങ്ങള്‍, പുരുഷ-വനിതാ കോച്ച്, ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് എന്നിവയാണ് പ്രഖ്യാപിക്കുന്നത്.