ആസിഫ് അലി നായകനായ ‘കിഷ്കിന്ധാ കാണ്ഡം’ തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു എങ്ങും.
‘കിഷ്കിന്ധാ കാണ്ഡം’ ഒടിടിയിലേക്ക് എത്താൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് അർധരാത്രി മുതല്‍ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങും. ബോക്സ് ഓഫീസില്‍ വൻ ഹിറ്റ് ആയതിനാല്‍ ചിത്രം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയതെന്നാണ് വിവരം.
പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണിത്. ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രേക്ഷക പ്രശംസ നേടി. ആഗോളതലത്തില്‍ ചിത്രം 60 കോടിയോളം നേടിയതായാണ് റിപ്പോർട്ട്. ആസിഫ് സോളോ നായകനായി എത്തിയ ചിത്രമെന്ന നിലയില്‍ താരത്തിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രമാണ്. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷിന്റേതാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണവും ബാഹുല്‍ രമേഷിന്റേതാണ്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോർജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.