ശതാബ്ദി ട്രെയിൻ എ.സി കോച്ചില്‍ ടിക്കറ്റില്ലാതെ യാത്രക്കാർ സഞ്ചരിച്ച സംഭവത്തില്‍ ടി.ടി.ഇയുടെ ഒത്തുകളി പുറത്ത്.
ട്രെയിനില്‍ സീറ്റ് ബുക്ക് ചെയ്തിട്ടും കയറാത്ത 21 യാത്രക്കാർക്ക് പകരമായി ടി.ടി.ഇ പണം വാങ്ങി മറ്റ് യാത്രക്കാരെ കയറ്റുകയായിരുന്നു. സംഭവത്തില്‍ നോർത്ത് സെൻട്രല്‍ റെയില്‍വേ അന്വേഷണം തുടങ്ങി.
ഒക്ടോബർ 29നായിരുന്നു സംഭവം. ടിക്കറ്റില്ലാത്ത നിരവധി യാത്രക്കാർ ഡല്‍ഹി-ലഖ്നോ സ്വർണ ശതാബ്ദി എക്സ്പ്രസിന്‍റെ എ.സി കോച്ചില്‍ യാത്ര ചെയ്യുന്നതായി റെയില്‍വേ അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് റെയില്‍വേ ടിക്കറ്റ് പരിശോധന സ്ക്വാഡിന് ട്രെയിനില്‍ പരിശോധന നടത്താനുള്ള നിർദേശം നല്‍കി. തുണ്ട്ല സ്റ്റേഷനില്‍ നിന്ന് സ്ക്വാഡ് അംഗങ്ങള്‍ മൂന്ന് കോച്ചുകളില്‍ പരിശോധന നടത്തി. ഇതില്‍ സി11 കോച്ചിലെ 21 പേർ ടിക്കറ്റില്ലാതെ യാത്രചെയ്യുകയാണെന്ന് കണ്ടെത്തി. ഇവരോട് പിഴയടക്കാൻ പറഞ്ഞപ്പോള്‍, ടി.ടി.ഇക്ക് നേരത്തെ പണം നല്‍കിയെന്ന വിവരമാണ് ലഭിച്ചത്.
തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ടി.ടി.ഇയുടെ അഴിമതി കണ്ടെത്തിയത്. സി11 കോച്ചില്‍ നേരത്തെ യാത്രക്കായി റിസർവ് ചെയ്തിരുന്ന 21 അംഗ സംഘം ട്രെയിനില്‍ കയറിയിരുന്നില്ല. ഇവർ ടിക്കറ്റ് റദ്ദാക്കുകയും ചെയ്തിരുന്നില്ല. യാത്രക്കാർ കയറാത്തത് രേഖപ്പെടുത്താതെ ടി.ടി.ഇ പകരം ആളുകളെ കയറ്റുകയായിരുന്നു. 2000നും 3000നും ഇടയില്‍ തുക ഓരോരുത്തരുടെയും കൈയില്‍ നിന്ന് ഈടാക്കിയെങ്കിലും ഇതിന് റസീറ്റ് നല്‍കുകയോ രേഖപ്പെടുത്തുകയോ ചെയ്തില്ല. ടി.ടി.ഇയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാനുമായില്ല. തുടർന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.