പ്രാതിനിധ്യ ജനാധിപത്യത്തിനു നേരെ ജുഡീഷ്യല്‍ കടന്നാക്രമണം

സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളെയും ഒഴുക്കുകളെയും പ്രതിപാദിക്കാൻ പ്രധാനമായും മൂന്നുതരം ആശയധാരകളാണ് നിലവിലുള്ളതെന്നാണ് ഫ്രഞ്ച് തത്ത്വചിന്തകൻ ഗില്ലീസ് ഡെല്യൂസ് (Gilles Deleuse) വിലയിരുത്തിയത് -ഇവലൂഷനറി തിയറി അഥവാ പരിണാത്മക സിദ്ധാന്തം, റെവലൂഷനറി തിയറി അഥവാ വിപ്ലവാത്മക സിദ്ധാന്തം, ട്രാൻസ്ഫോർമേറ്റിവ് തിയറി അഥവാ പരിവർത്തനാത്മക സിദ്ധാന്തം എന്നിവയാണിവ.

ഇതില്‍ പരിണാത്മക സിദ്ധാന്തത്തിന്റെ വക്താക്കളായി സമൂഹത്തിലെ മേധാശക്തികളെയും അതി യാഥാസ്ഥിതികരെയും കണക്കാക്കാം. അവരുടെ കാഴ്ചപ്പാടില്‍ ശക്തർ എപ്പോഴും വിജയിക്കാൻ അർഹതപ്പെട്ടവരും ദുർബലർ പുറന്തള്ളപ്പെടാൻ വിധിക്കപ്പെട്ടവരുമാണ്. പുറന്തള്ളപ്പെടുന്നവരുടെ പിന്നാക്കാവസ്ഥയുടെ കാരണമായി പറയുക അവരുടെത്തന്നെ കുറവുകളും അധമമായ ജീവിതവുമായിരിക്കും.

രണ്ടാമത്തെ സിദ്ധാന്തത്തെ ഉയർത്തിപ്പിടിക്കുന്നവരാണ് ലോകത്തിലെ ഒരു വിഭാഗം സോഷ്യലിസ്റ്റുകള്‍ മുതല്‍ വിവിധതരം റാഡിക്കലുകളും ചില തീവ്രവാദ വിഭാഗങ്ങളും വരെ. അടിച്ചമർത്തപ്പെട്ടവർ എന്ന് അവർ നിർവചിക്കുന്നവരുടെ മുൻകൈയില്‍ നടന്ന വിപ്ലവ പ്രവർത്തനങ്ങളും അട്ടിമറികളുംകൊണ്ട് വ്യവസ്ഥയെ മാറ്റിമറിക്കണമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് നടന്ന ചില വിപ്ലവമുന്നേറ്റങ്ങളും ഭരണകൂട മാറ്റങ്ങളും മേല്‍പറഞ്ഞ ആശയങ്ങള്‍ക്ക് ശക്തിപകരുന്നു.

നിയതമായ ദേശീയതയില്‍നിന്നും വംശ -വർഗ അധികാര സമവാക്യങ്ങളില്‍നിന്നും പുറത്തായ കീഴാള, ആദിവാസി ജനതകള്‍, വിവിധ വിഭാഗം ന്യൂനപക്ഷങ്ങള്‍, ട്രാൻസ്ജെൻഡർ സമുദായം അടക്കമുള്ളവർ കൂടുതലും അംഗീകരിച്ചിട്ടുള്ളത് ട്രാൻസ്ഫോർമേറ്റിവ് ആശയങ്ങളെയാണ്.

ചരിത്രത്തില്‍ അദൃശ്യരോ ശബ്ദമില്ലാത്തവരോ ആയി കണക്കാക്കപ്പെട്ടവരാണ് ഈ ജനവിഭാഗങ്ങള്‍. ദൃശ്യതക്കൊപ്പം തങ്ങള്‍ ചരിത്രത്തിലിടംകിട്ടാൻ പെട്ടെന്നുള്ള സാമൂഹിക മാറ്റങ്ങള്‍ക്കൊപ്പം ദീർഘകാലംകൊണ്ട് സംഭവിക്കുന്ന സാമൂഹിക ചലനങ്ങളും സ്വയം ശാക്തീകരണവും അനിവാര്യമാണെന്ന് കരുതുന്നതുമൂലമാണ് ഇവർ പരിവർത്തനാത്മക ചിന്തകള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്നത്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമുദായിക സംവരണത്തെ മേല്‍പറഞ്ഞ പരിവർത്തനാത്മക വിഷയവുമായി കണ്ണിചേർത്തു കാണാവുന്നതാണ്.

കീഴാളരാക്കപ്പെട്ടവർക്ക് സ്വത്ത്, പദവി, അധികാരം, ദൃശ്യത മുതലായവ ലഭ്യമാക്കുന്നതിനൊപ്പം പരസ്പരം അകന്നുനില്‍ക്കുന്നവരെ അടുപ്പിക്കുന്ന ഒരു ആധുനിക സംവിധാനം എന്ന നിലയിലും സംവരണം ദലിത് ബഹുജനങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്. ജാതിവ്യവസ്ഥയെന്നത് അനന്തമായ വിഭജനമാണ്. ചിലരെ ഉള്‍ക്കൊള്ളുകയും ചിലരെ പുറന്തള്ളുകയും ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാന ഘടനതന്നെ.

അത് സാമൂഹിക വ്യവസ്ഥയെ മേല്‍ത്തട്ടും കീഴ്ത്തട്ടുമായി വിഭജിക്കുന്നതിനൊപ്പം കുറുകെയും വിഭജിക്കുന്നുണ്ട്. ഉദാഹരണമായി, കേരളത്തിലെ ബ്രാഹ്മണേതരരായ ഏതെങ്കിലും ജാതിവിഭാഗത്തെ നോക്കുക. അതിന് മുകളിലും താഴെയും എന്നപോലെ കുറുകെ നിരവധി ഉപജാതികളെയും കാണാൻ കഴിയും.

ഇപ്രകാരം അടഞ്ഞതും പരസ്പരം വെള്ളം കേറാത്ത അറകള്‍പോലെ നിലനിന്നതുമായ ജാതികള്‍ക്കിടയില്‍ കൊളോണിയല്‍ ഘട്ടത്തിലാരംഭിച്ച നവോത്ഥാന -ആധുനികത മുന്നേറ്റങ്ങളാണ് സമുദായവത്കരണത്തിന് പ്രേരണയായത്. ഇത്തരത്തില്‍ രൂപപ്പെട്ട സമുദായവത്കരണത്തെതന്നെ മറ്റൊരു ഉയർന്ന തലത്തില്‍ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നതാണ് സംവരണ പദ്ധതിയുടെ പ്രാധാധ്യം.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പൊതുവെ കീഴാളരാക്കപ്പെട്ട സമുദായങ്ങള്‍ എന്ന് വിവക്ഷിക്കപ്പെട്ടിരുന്ന ജനങ്ങളെ ‘സംവരണീയർ’ എന്ന ഒരു പുതുഗണമാക്കി മാറ്റാനും അവർക്ക് ദേശത്തോട് അവകാശാധികാരങ്ങള്‍ ഉന്നയിക്കാനും സംവരണം ശക്തി നല്‍കിയെന്ന് കാണാം. അതായത്, ജാതിവ്യവസ്ഥ രൂപപ്പെടുത്തിയ അനന്തമായ വിഭജനങ്ങള്‍ക്ക് എതിരെ ഒന്നിക്കാനും പരസ്പരം അടുക്കാനും സംവരണം പ്രേരകമായിട്ടുണ്ട്.

തീർത്തും ജാതിവിരുദ്ധവും പാരസ്പര്യത്തെയും സാഹോദര്യത്തെയും പറ്റിയുള്ള ആധുനിക ഭാവനകളോട് ചേർന്നുനില്‍ക്കുന്നതുമാണ് സംവരണത്തിലൂടെ രൂപപ്പെടുന്ന പുതു അനുഭവങ്ങള്‍. അതുകൊണ്ടുതന്നെ ജാതിമേധാവിത്വ ശക്തികളും വരേണ്യവാദികളും സംവരണത്തിന് എന്നും എതിരായിരുന്നു.

സംവരണംമൂലം ഭരണനിർവഹണതലത്തിലെ കാര്യക്ഷമത കുറയും, സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ തുടരാനിടയാക്കും, സാമ്ബത്തികമായ അസമാനതകളെ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ മുതലായ വാദങ്ങളുയർത്തി അവർ എക്കാലവും തെളിഞ്ഞും മറഞ്ഞും യുദ്ധം പ്രഖ്യാപിച്ചുകൊണ്ടിരുന്നു.

ഇതേസമയം, പുരോഗമനത്തിന്റെ മുൻനിരക്കാരെന്ന് അവകാശപ്പെടുന്ന മുഖ്യധാര ഇടതുപക്ഷങ്ങള്‍ സംവരണത്തെ ഒരു തൊഴില്‍ദാന പദ്ധതിയായി ചുരുക്കിക്കാണുകയും അതിലെ സാമൂഹിക നീതിയുടെയും പ്രാതിനിധ്യ ജനാധിപത്യത്തിന്റെയും ഘടകങ്ങളെ തമസ്കരിക്കുകയും ചെയ്തു. പില്‍ക്കാലത്ത് ഹിന്ദുത്വവാദികളെ പോലുള്ള പ്രതിലോമശക്തികള്‍ ഏറ്റെടുത്തത് ഇതേ ഇടതുപക്ഷം മുന്നോട്ടുവെച്ച യാന്ത്രികമായ ആശയങ്ങള്‍തന്നെയാണ്.

പലരും കരുതുന്നതുപോലെ സംവരണ പദ്ധതി നിലവില്‍വന്നത് ദാനമെന്ന നിലയിലോ സവർണരുടെ പ്രായശ്ചിത്തമായിട്ടോ അല്ല. ചാതുർവർണ്യം മുതല്‍ ജാതിവ്യവസ്ഥ വരെയുള്ള അവസ്ഥകളോടുള്ള കീഴാള പ്രതിരോധത്തിന്റെ പ്രതിഫലനങ്ങള്‍ അതിലുണ്ട്. മാത്രമല്ല, കൊളോണിയല്‍ ഘട്ടത്തില്‍ നടന്ന കീഴാള ഉയിർപ്പുകളുടെ ഫലമായാണ് 1919, 1921, 1927 കാലഘട്ടങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ജാതി മാനദണ്ഡമായിട്ടുള്ള സംവരണം നടപ്പാക്കിയത്.

1935ലെ ഇന്ത്യാ ആക്ടിലും അത് ഉള്‍ക്കൊള്ളിച്ചു. ഇപ്രകാരം ചരിത്രപരമായി രൂപപ്പെട്ട സംവരണത്തെ ആധുനികമായ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വിഷയമായി നിർവചിക്കുകയും അതിനെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തതില്‍ ഡോ. ബി.ആർ. അംബേദ്ക്കർ വഹിച്ച പങ്കിനെപ്പറ്റി എല്ലാവർക്കുമറിയാം.

മുസ്‍ലിം വംശഹത്യയെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കി മാറ്റുന്നതില്‍ ഹിന്ദുത്വവാദികള്‍ വിജയം വരിച്ച ഗുജറാത്തിലാണ് ആദ്യത്തെ സംവരണ വിരുദ്ധ കലാപങ്ങള്‍ നടന്നതെന്നത് യാദൃച്ഛികമല്ല, ഇത്തരം കലാപങ്ങളുടെ ലക്ഷ്യം ദലിത് ബഹുജനങ്ങളുടെ ശക്തീകരണത്തെ തടയുന്നതിനൊപ്പം ന്യൂനപക്ഷ സമുദായങ്ങളോട് അവർക്കുള്ള പാരസ്പര്യത്തില്‍ വിള്ളല്‍ വീഴ്ത്തുകയെന്നതുമായിരുന്നു.

വിവിധ കീഴാള മൂവ്മെന്റുകളുടെ സമരത്തിന്റെ ഫലമായി മണ്ഡല്‍ കമീഷൻ റിപ്പോർട്ട് ഭാഗികമായി നടപ്പാക്കാൻ 1992ല്‍ വി.പി. സിങ് സർക്കാർ ശ്രമിച്ചപ്പോള്‍ അതില്‍ ക്രീമിലെയർ പരിധി നിശ്ചയിക്കുകയാണ് ഇന്ത്യയിലെ കോടതികള്‍ ചെയ്തത്. സംവരണത്തിന്റെ തോത് 50 ശതമാനത്തില്‍ കവിയരുതെന്നും വിധിച്ചു.

ഇതേസമയം, സംവരണം വിപുലപ്പെടുത്തണമെന്നും, അതിനെ കാർഷിക പരിഷ്‍കരണവുമായും കൈത്തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായും കണ്ണിചേർക്കണമെന്നുകൂടിയാണ് മണ്ഡല്‍ കമീഷൻ നിർദേശിച്ചിട്ടുള്ളത്.

സംവരണ പരിധിയില്‍ വരാത്ത സ്വകാര്യ പൊതുമേഖല -സൈന്യം -ജുഡീഷ്യറി പോലുള്ള മേഖലകളിലേക്ക് അതിനെ വ്യാപിപ്പിക്കണമെന്നും പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ നിയമനിർമാണ സഭകളിലേക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ഏർപ്പെടുത്തണമെന്നും ശിപാർശ ചെയ്തിരുന്നു.

ഇതിന് നേർവിപരീതത്തില്‍ സാമൂഹിക നീതിസങ്കല്‍പങ്ങളെയും പ്രാതിനിധ്യ ജനാധിപത്യത്തിലുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശത്തെയും ജുഡീഷ്യല്‍ അട്ടിമറിയിലൂടെ തടസ്സപ്പെടുത്തുകയാണ് ക്രീമിലെയർ ഏർപ്പെടുത്തുക വഴി സുപ്രീംകോടതി ചെയ്തത്.

2024 ആഗസ്റ്റ് ഒന്നാം തീയതി സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ക്രീമിലെയർ ദലിത് ജനങ്ങളുടെ സംവരണത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് വിധി പ്രസ്താവിച്ചിരിക്കുകയാണ്. യഥാർഥത്തില്‍ സംവരണീയരിലെ മുൻഗണന വിഭാഗങ്ങള്‍ എന്നതൊരു തർക്കപ്രശ്നമാണ്. ഇത്തരം വിഷയങ്ങളെ സൂക്ഷ്മതലത്തില്‍ പരിശോധിച്ച്‌ ആവശ്യമെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.

എന്നാല്‍, ദലിതരുടെ പക്ഷം പിടിക്കുകയാണെന്ന വ്യാജബോധ്യം രൂപപ്പെടുത്തിക്കൊണ്ട് സംവരണത്തെത്തന്നെയാണ് സുപ്രീംകോടതി പ്രശ്നമായി കാണുന്നതെന്ന് പകല്‍പോലെ വ്യക്തം. 70 വർഷം കഴിഞ്ഞിട്ടും ഭരണനിർവഹണ സ്ഥാപനങ്ങളിലും പൊതുബോധ രൂപവത്കരണത്തിന്റെ ഇടങ്ങളിലും ദലിതരുടെ പ്രാതിനിധ്യം അതി ദുർബലമായി തുടരുകയാണെന്ന വസ്തുത നിരവധി സർവേകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിലൊന്നും വേവലാതിയില്ലാത്ത സുപ്രീംകോടതി ദലിതരില്‍ ഒരു ക്രീമിലെയർ ഉണ്ടെന്നു വരുത്താൻ വ്യഗ്രതപ്പെടുക വഴി അവരിലെ ശാക്തീകരിക്കപ്പെട്ട ഘടകങ്ങളെ സമുദായ ശരീരത്തില്‍നിന്ന് വെട്ടിമാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

ഈ വിധിപ്രസ്താവനയുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്നത് മണ്ഡല്‍ കമീഷന് മുമ്ബും ശേഷവുമുണ്ടായ സാമുദായിക എൻജിനീയറിങ്ങില്‍ വിള്ളല്‍ വീഴ്ത്തിയാണ്. അതിനുവേണ്ടി അവർ ദലിതരിലെയും പിന്നാക്കക്കാരിലെയും ഉപജാതി വിഭജനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. എന്നാല്‍, ഇക്കാലത്ത് ഇതേ ജാതി എൻജിനീയറിങ് ദുർബലപ്പെട്ടു എന്നാണ് പൊതുതെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനകള്‍.

വ്യാജ പ്രചാരണങ്ങളും മുസ്‍ലിം വിരുദ്ധ വെറുപ്പുംകൊണ്ട് അവർ നടത്തിയ വഞ്ചനകളെ വലിയ തോതില്‍ ദലിത് ബഹുജനങ്ങള്‍ തിരസ്കരിക്കുകയാണുണ്ടായത്. ചുരുക്കിപ്പറഞ്ഞാല്‍, ഹിന്ദുത്വശക്തികള്‍ക്ക് നഷ്ടമായ ഇടങ്ങളെ തിരിച്ചുപിടിക്കാനാണ് ഈ സുപ്രീംകോടതി വിധി സഹായകരമാവുക.

ഈ വിധിയുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന് കേന്ദ്ര സർക്കാറിനെ തടയാൻ ഇന്ത്യയിലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും വിവിധ കീഴാള മൂവ്മെന്റുകളും മാധ്യമങ്ങളും രംഗത്തു വരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *