2019ലെ പ്രളയത്തില്‍ ദുരിതാശ്വാസ സഹായമായി ലഭിച്ച തുക തിരിച്ചടയ്‌ക്കണമെന്ന് ദുരിത ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ്.
ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ നിര്‍ദേശ പ്രകാരം തിരൂരങ്ങാടി തഹസില്‍ദാരാണ് താലൂക്കിലെ 125 കുടുംബങ്ങള്‍ക്കു നോട്ടീസ് നല്കിയത്. രണ്ടാമത്തെ പ്രളയത്തില്‍ വീട്ടിലേക്കു വെള്ളം കയറി ദുരിതാശ്വാസ ക്യാമ്ബിലേക്കു മാറി താമസിച്ചവര്‍ക്കും വീടിനു തകരാര്‍ സംഭവിച്ചവര്‍ക്കും ലഭിച്ച തുകയില്‍ 10,000 രൂപ തിരിച്ചടയ്‌ക്കണമെന്നാണ് നോട്ടീസില്‍. ഇരുപതിനായിരം നഷ്ടപരിഹാരം ലഭിച്ചവരോടാണ് 10,000 തിരിച്ചുകൊടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ജില്ലയില്‍ ഇത്തരത്തില്‍ അഞ്ഞൂറോളം പേര്‍ക്കു തിരിച്ചടയ്‌ക്കല്‍ നോട്ടീസുണ്ട്. തിരൂരങ്ങാടി താലൂക്കില്‍ മാത്രം 125 പേര്‍ക്കാണ് നോട്ടീസ്. നെടുവ 35, പറപ്പൂര്‍ 28, തിരൂരങ്ങാടി 12, ഒതുക്കുങ്ങല്‍ 20, നന്നമ്ബ്ര ഒന്‍പത്, വേങ്ങര നാല്, ഊരകം ഏഴ്, എടരിക്കോട് നാല്, അരിയല്ലൂര്‍ രണ്ട്, പെരുവള്ളൂര്‍ ഒന്ന്, മൂന്നിയൂര്‍ മൂന്ന് എന്നിത്രയും പേര്‍ക്കാണ് തിരൂരങ്ങാടി താലൂക്കില്‍ നിന്ന് നോട്ടീസ്.
2018ലെ ആദ്യ പ്രളയത്തില്‍ വെള്ളം കയറിയവര്‍ അപേക്ഷിച്ചതു പ്രകാരമാണ് പണം ലഭിച്ചതെങ്കില്‍ 2019ലെ പ്രളയത്തില്‍ വെള്ളം കയറിയ വീട്ടുകാര്‍ അപേക്ഷയയൊന്നും സമര്‍പ്പിച്ചില്ല. വില്ലേജിലെ ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴി വെള്ളം കയറിയ വീടുകളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയുടെ അക്കൗണ്ടിലേക്കും ഇരുപതിനായിരവും പതിനായിരവുമായി അയച്ചു. വീടുകള്‍ക്കു തകരാര്‍ സംഭവിച്ച ആളുകള്‍ക്കായിരുന്നു ഇരുപതിനായിരം ലഭിച്ചത്.
എന്നാല്‍ അന്ന് ഈ തുക ലഭിച്ചവരോടാണ് 10,000 തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക പിഴവു മൂലം ഇരട്ടിപ്പു സംഭവിച്ചതിനാലാണ് രണ്ടു തവണ അക്കൗണ്ടിലേക്ക് 10,000 വീതമെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം തിരിച്ചയ്ടക്കാന്‍ പറയുന്നതില്‍ ദുരിത ബാധിതര്‍ ആശങ്കയിലാണ്.