പ്രമേഹരോഗികള്‍ക്ക് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രമേഹമുള്ളവരുടെ ഭക്ഷണക്രമത്തില്‍ വലിയ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് ചോറ്.

ചോറ് കഴിക്കുന്നതിനെക്കുറിച്ച്‌ പ്രമേഹമുള്ളവർക്ക് എപ്പോഴും സംശയമാണ്. ഗ്ലൈസെമിക് സൂചിക കൂടുതലുള്ള ഭക്ഷണമാണിത്.

ചോറില്‍ കലോറിയും കാർബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറിന്റെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചോറ് പൂർണമായി ഒഴിവാക്കുന്നതിന് പകരം മിതമായ അളവില്‍ കഴിക്കാം. പ്രമേഹം കുറയ്ക്കാൻ ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ക്വിനോവ കഴിക്കുന്നത് വളരെ നല്ലതാണ്. ഈ ധാന്യത്തില്‍ പ്രോട്ടീൻ കൂടുതലും ഗ്ലൈസെമിക് സൂചിക കുറവുമാണ്. ഫൈബർ, അവശ്യപോഷകങ്ങള്‍ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നല്ലതാണ്.

പ്രമേഹമുള്ളവർക്ക് മുട്ടയും ധൈര്യമായി ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.പ്രോട്ടീനിന്റെ നല്ലൊരു കലവറ കൂടിയാണിത്. ഇലക്കറികള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. സലാഡുകളാക്കിയും ആവിയില്‍ വേവിച്ചുമെല്ലാം ഇത് കഴിക്കാവുന്നതാണ്.

ഫൈബർ അടങ്ങിയ ഓട്സും നല്ലൊരു ഭക്ഷണമാണ്. വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഓട്സ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

ഫൈബറിനാല്‍ സമ്ബന്നമായ ബാർലി കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഒരുപോലെ ഉപകരിക്കും. വെള്ള അരിയ്ക്ക് പകരമായി ബ്രൗണ്‍ റൈസ് കഴിക്കാം. ഈ അരിയില്‍ ഗ്ലൈസമിക് സൂചിക കുറവാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)

Leave a Reply

Your email address will not be published. Required fields are marked *