ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര.
അന്നേ ദിവസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരുക്കുന്ന സ്വകാര്യ അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിനയ് ക്വത്ര അറിയിച്ചു. 22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്.
2022ല്‍ ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന അനൗപചാരിക കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനും പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “2021 ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ വച്ചാണ് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി അവസാനമായി നടന്നത്. ഇതിന് ശേഷമാണ് ഇരുനേതാക്കളും ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന എസ് സി ഒ ഉച്ചകോടിക്കിടെ സമർകണ്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷവും പലവിഷയങ്ങളിലായി ഇരുവരും നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തിയതായും” വിനയ് ക്വത്ര പറയുന്നു.
“റഷ്യയിലെത്തുന്നതിന്റെ രണ്ടാം ദിനം ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും, അതിന് ശേഷം ക്രെംലിനിലും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്. ഇവിടെയുള്ള സൈനിക സ്മാരകത്തില്‍ അദ്ദേഹം പുഷ്പചക്രം സമർപ്പിക്കും. മോസ്‌കോയിലെ എക്‌സിബിഷൻ വെന്യുവിലും അദ്ദേഹം എത്തുമെന്നും” വിനയ് ക്വത്ര കൂട്ടിച്ചേർത്തു. സന്ദർശനത്തിന്റെ രണ്ടാം ദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പുടിന്റേയും നേതൃത്വത്തില്‍ ഉഭയകക്ഷി ചർച്ചകള്‍. ഇരുരാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും ഇതിന്റെ ഭാഗമാകും.