റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയിലെ വിഷയങ്ങള്‍ക്ക് പരിധികളോ നിയന്ത്രണങ്ങളോ ഇല്ലെന്ന് റഷ്യ.
പ്രാദേശിക-ആഗോള സുരക്ഷ, വ്യവസായം തുടങ്ങീ അജണ്ടയിലുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ നടത്തുന്ന ചർച്ചകളില്‍ ഏതൊക്കെ വിഷയങ്ങളാണ് ചർച്ചയാവുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യാ സന്ദർശനത്തിന്റെ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” ഇന്ത്യയും റഷ്യയും യോജിച്ച് പ്രവർത്തിക്കുന്ന നിരവധി മേഖലകളുണ്ട്. അതുകൊണ്ട് തന്നെ അജണ്ടയായി തീരുമാനിക്കപ്പെടുന്ന വിഷയങ്ങള്‍ക്കും അപ്പുറമുള്ള വിഷയങ്ങളും ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചർച്ചയാകാറുണ്ട്. പ്രാദേശിക – ആഗോള വിഷയങ്ങളിളും, സുരക്ഷ, ഉഭയകക്ഷി ബന്ധം, സാമ്ബത്തിക രംഗം തുടങ്ങീ വിവിധ വിഷയങ്ങളില്‍ കാര്യക്ഷമമായ ചർച്ചകള്‍ നടക്കും.
ഇരുനേതാക്കളും തമ്മിലുള്ള ബന്ധം കണക്കിലെടുത്താല്‍ വിവിധ വിഷയങ്ങളില്‍ അവർ നിർണായകമായ അഭിപ്രായങ്ങള്‍ കൈമാറിയേക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്ത് വിടും. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും” പെസ്‌കോവ് വ്യക്തമാക്കി. ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി റഷ്യ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തിയതി സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. 2019ലാണ് പ്രധാനമന്ത്രി അവസാനമായി റഷ്യ സന്ദർശിച്ചത്. വ്‌ളാഡിവോസ്‌റ്റോക്കില്‍ നടന്ന ഇക്കണോമിക് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം അന്ന് റഷ്യയിലെത്തിയത്.