വയനാട്ടിലെ ഉരള്‍പൊട്ടല്‍ ദുരന്തബാധിത മേഖലകള്‍ സന്ദർശിക്കാനായി എത്തുന്ന പ്രധാനനമന്ത്രി നരേന്ദ്ര മോദി കണ്ണൂർ വിമാനത്താവളത്തിലെത്തി.
എയർഫോഴ്സ് 1 വിമാനത്തില്‍ നേരത്തെ നിശ്ചയിച്ചതിലും അല്‍പം നേരത്തെയാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തിയത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍, സ്ഥലം എം എല്‍ എ കെകെ ശൈലജ, ചീഫ് സെക്രട്ടറി വി വേണു എന്നിവർ ചേർന്ന് സ്വീകരിച്ചു.
കണ്ണൂരില്‍ നിന്നും ഹെലികോപ്ടറില്‍ പ്രധാനമന്ത്രി ദുരന്തമേഖലയിലേക്ക് യാത്ര തിരിക്കും. മൂന്ന് ഹെലികോപ്ടറുകളാണ് കണ്ണൂർ വിമാനത്താവളത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രിയും ഗവർണ്ണറുമായിരിക്കും ഒരു ഹെലികോപ്ടറില്‍ സഞ്ചരിക്കുക. രണ്ട് ഹെലികോപ്ടറുകള്‍ പ്രധാനമന്ത്രിയുടെ കോപ്ടറിനെ അനുഗമിക്കും.
കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും ഉടന്‍ തന്നെ പ്രധാനമന്ത്രി യാത്ര തിരിച്ചു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്കുള്‍ മൈതാനത്ത് ഇറങ്ങും. തുടർന്ന് റോഡ് മാർഗ്ഗം ചൂരല്‍മലയിലെ ബെയ്ലി പാലത്തിലെത്തും. അതിന് ശേഷം ഒരു ദുരിതാശ്വാസ ക്യാമ്ബിലും ആശുപത്രിയില്‍ കഴിയുന്ന ദുരിതബാധിതരേയും പ്രധാനമന്ത്രി സന്ദർശിക്കും.
വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിനും ശേഷമായിരിക്കും പ്രധാനമന്ത്രി മടങ്ങുക.