പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം നാളെ

: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ശനിയാഴ്ച. ശനിയാഴ്ച ഉച്ചയോടെ കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ചയാകും തിരിച്ചുപോകുക.

ഇതിനിടയില്‍ കുവൈത്ത് അമീർ ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. നീണ്ട 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇത് ഇന്ത്യ-കുവൈത്ത് ബന്ധത്തില്‍ കൂടുതല്‍ ഗുണകരമായ വികാസം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഉഭയകക്ഷി കരാറുകള്‍ക്കും നിക്ഷേപ സാധ്യതകള്‍ക്കും നരേന്ദ്ര മോദിയുടെ സന്ദർശനം ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു.

കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കാത്തിരിക്കുകയാണ്. പ്രവാസി ക്ഷേമം, വിവിധ മേഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്മെന്റ്, മറ്റു പ്രശ്നങ്ങള്‍ എന്നിവ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. ഏകദേശം 10 ലക്ഷം ഇന്ത്യക്കാർ കുവൈത്തിലുണ്ട്. ഇത് കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനവും മൊത്തം തൊഴില്‍ ശക്തിയുടെ 30 ശതമാനവുമാണ്.

ഇന്ത്യ കുവൈത്ത് വ്യാപാര മേഖലയും ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകളും കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തുന്നതും സന്ദർശനത്തില്‍ ചർച്ച ആകുമെന്നാണ് പ്രതീക്ഷ. നിലവില്‍ കുവൈത്തിന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍, എല്‍.പി.ജി എന്നിവയുടെ പ്രധാന വിതരണക്കാരുമാണ് കുവൈത്ത്.

ഇന്ത്യൻ ഭരണനേതൃത്വത്തിന്റെ കുവൈത്ത് സന്ദർശനം അടുത്തിടെ ഉണ്ടായില്ലെങ്കിലും പലരൂപത്തിലുള്ള കൂടിക്കാഴ്ചകള്‍ ഇതിനിടെ നടന്നിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറില്‍ ന്യൂയോർക്കില്‍ നടന്ന യു.എൻ ജനറല്‍ അസംബ്ലി യോഗത്തിനിടെ പ്രധാനമന്ത്രി മോദി കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ വർഷം ആഗസ്റ്റ് 18ന് കുവൈത്തില്‍ എത്തിയിരുന്നു. കുവൈത്ത് കിരീടാവകാശി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരെ അദ്ദേഹം കാണുകയുണ്ടായി. 2024 ജൂണില്‍ മംഗഫിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടിത്തത്തില്‍ 46 ഇന്ത്യൻ തൊഴിലാളികള്‍ മരിക്കാനിടയായതിനെത്തുടർന്ന് വിദേശകാര്യ മന്ത്രി സഹമന്ത്രി കീർത്തി വർധൻ സിങ്ങും കുവൈത്ത് സന്ദർശിച്ചിരുന്നു.

കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ് യ ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കുകയും വിദേശകാര്യ മന്ത്രിമാരുടെ തലത്തില്‍ സഹകരണത്തിനുള്ള സംയുക്ത കമീഷൻ സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇവയുടെ തുടർച്ച എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. സന്ദർശനം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മറ്റൊരു അധ്യായവും എഴുതിചേർക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *