ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുൻ ജെ.ഡി.എസ്. എം.പി പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.കഴിഞ്ഞ മാസം 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വല്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഹാസനിലെ എം.പിയായിരുന്ന പ്രജ്വല്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയെന്ന പരാതിയുമായി കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകള്‍ രംഗത്തുവന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ, പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ മണ്ഡലത്തില്‍ പ്രചരിച്ചതിനു പിന്നാലെയാണ് വനിത കമീഷനും പൊലീസിനും പരാതി ലഭിച്ചത്. മൂവായിരത്തോളം വിഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെൻഡ്രൈവുകള്‍ പാർക്കുകളിലും സ്റ്റേഡിയത്തിലുമുള്‍പ്പെടെ വിതറിയ നിലയില്‍ പലർക്കായി കിട്ടുകയായിരുന്നു. ആരോപണമുയർന്നതിനു പിന്നാലെ, പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. കേസന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിരുന്നു.പ്രജ്വലിന്‍റെ പിതാവ് എച്ച്.ഡി. രേവണ്ണ എം.എല്‍.എ ബലാത്സംഗക്കേസിലും മാതാവ് ഭവാനി രേവണ്ണ അതിജീവതയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാർപ്പിച്ച കേസിലും പ്രതികളാണ്. ഇരുവരും സോപാധിക ജാമ്യത്തില്‍ ഇറങ്ങിക്കഴിയുകയാണ്.