ഈ വര്‍ഷം അവസാനത്തോടെ ഇവര്‍ക്കു പകരം പുതിയ ജീവനക്കാരെ കമ്പനി നിയമിക്കും
മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഏകദേശം 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മെറ്റയുടെ ആകെ 5 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിക്കുക. ഈ വര്‍ഷം അവസാനത്തോടെ ഇവര്‍ക്കു പകരം പുതിയ ജീവനക്കാരെ കമ്പനി നിയമിക്കുകയും ചെയ്യും.
മികച്ച ജീവനക്കാരാണ് മെറ്റയിലുള്ളത് എന്ന് ഉറപ്പുവരുത്താനാണ് പിരിച്ചുവിടലിലേക്ക് കമ്പനി കടന്നിരിക്കുന്നത്. പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പിരിച്ചുവിടല്‍ തുടരുമെന്നും സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചേക്കുമെന്ന് തോന്നുന്ന ചില ജീവനക്കാരെ ചിലപ്പോള്‍ തിരിച്ചെടുത്തേക്കാമെന്നും അദ്ദേഹം സൂചന നല്‍കി
ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ 72,000ത്തില്‍ അധികം ജീവനക്കാരാണ് ഉള്ളത്. ഇതിനുപുറമേ എഐ ടെക്‌നോളജിയില്‍ വന്‍ നിക്ഷേപം നടത്താനും മെറ്റയും സിസ്‌കോയും ഐബിഎമ്മും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആലോചിക്കുന്നുണ്ട്. 2022 മുതല്‍ റിക്രൂട്ടിങ് മേഖലയില്‍ മെറ്റ നിരവധി മാറ്റങ്ങള്‍ പരീക്ഷിച്ചിരുന്നു. 11,000 പേര്‍ക്ക് ഇതുവരെ ജോലി നഷ്ടമായിട്ടുണ്ട്.
കാര്യക്ഷമതയുടെ വര്‍ഷമെന്ന് 2023നെ വിശേഷിപ്പിച്ചാണ് 10,000ത്തില്‍ അധികം പേരെ പിരിച്ചുവിടാനുള്ള കമ്പനി തീരുമാനത്തെ സക്കര്‍ബര്‍ഗ് അവതരിപ്പിച്ചത്. പ്രകടനത്തെ അടിസ്ഥാനമാക്കി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന കോര്‍പറേറ്റ് സംസ്‌കാരം എഐയുടെ വരവോടെ ശക്തിപ്രാപിച്ചിരിക്കുകയാണ്.