ആരോപണമെല്ലാം പോലീസ് ചോദ്യം ചെയ്യലില്‍ നിഷേധിച്ച് ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂര്‍.
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി പറഞ്ഞത്. പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പൊലീസിനോടു വിശദീകരിച്ചു. പുരാണം പറഞ്ഞതിന് അറസ്റ്റിലായ വ്യക്തിയാണ് താനെന്ന നിലപാടിലാണ് ബോബി ഇപ്പോഴും. ബോബിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഫോറന്‍സിക് പരിശോധനാ ഫലം നിര്‍ണ്ണായകമാകും.
2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലലേഴ്സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹണിറോസിനെ പിടിച്ചുകറക്കുകയും ദ്വയാര്‍ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. പിന്നീട് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതികാര ബുദ്ധിയോടെയും പരസ്യമായി ലൈംഗിക ധ്വനിയോടെയും പരാമര്‍ശങ്ങള്‍ നടത്തി. തുടര്‍ന്ന് സമാന പരാമര്‍ശങ്ങള്‍ ജാങ്കോ സ്പേയ്സ് എന്ന യൂട്യൂബ് ചാനല്‍ വഴി അടക്കം പ്രചരിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 67ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാല്‍ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും.
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹണി റോസ് ഇന്നലെ മൊഴി നല്‍കി. ഇതിന്റെ പകര്‍പ്പും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. പകര്‍പ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. അങ്ങനെ വന്നാല്‍ ബോബി കൂടുതല്‍ കുരുക്കിലാകും. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. രാമന്‍പിള്ള അസോഷ്യേറ്റ്‌സാണു ബോബിക്കു വേണ്ടി ഹാജരാകുന്നത്. അഡ്വ ബി രാമന്‍പള്ളി നേരിട്ടെത്തുമെന്ന് സൂചനയുണ്ട്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ തുടങ്ങിയവരെക്കണ്ടു പരാതിയറിയിച്ച ഹണിറോസിന് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുള്ള പിന്തുണ ഉറപ്പു കിട്ടിയിരുന്നു. അതിന് ശേഷമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി ഹണി റോസ് നല്‍കിയത്.
മുന്‍കൂര്‍ ജാമ്യം തേടാനും അതുവരെ ഒളിവില്‍ പോകാനും വരെയുള്ള സാധ്യത അടച്ചുകൊണ്ടായിരുന്നു ബോബിയുടെ അറസ്റ്റ്., ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് വയനാട് ബോചെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു എത്തി കസ്റ്റഡിയില്‍ എടുത്തു. അതിനു മുന്‍പുതന്നെ എസ്റ്റേറ്റും പരിസരവും പൊലീസ് വലയത്തിലാക്കി. ബോബിയെ പിന്തുടര്‍ന്നു തലേന്നുതന്നെ കൊച്ചി പൊലീസ് വയനാട്ടിലെത്തിയിരുന്നു. ഇന്നലെ രാവിലെ ബോബി പുറത്തേക്കിറങ്ങിയതും പൊലീസുകാര്‍ വാഹനം വളഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ വണ്ടിയില്‍നിന്നിറങ്ങി. പിന്നീട് ബോബിയുമായി മറ്റൊരു സ്വകാര്യവാഹനത്തില്‍ കല്‍പറ്റ പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു പുറപ്പെട്ടു. 12 മണിയോടെ ക്യാംപിന്റെ രണ്ടാം ഗെയ്റ്റിലൂടെ ബോബിയുമായി പൊലീസ് പുറത്തേക്കിറങ്ങി. പിന്നെ കൊച്ചിയിലേക്ക്.
ബോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മുതല്‍ ബോബി ചെമ്മണൂര്‍ നിരീക്ഷണത്തിലായിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് യാത്രതുടങ്ങിയ ബോബിയെ കാര്‍ തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ജീപ്പ് എത്തിച്ച് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. സ്വന്തംവാഹനത്തില്‍ എത്താമെന്ന് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല. തെറ്റുചെയ്തിട്ടില്ലെന്നും സംഭാഷണത്തെ ദ്വയാര്‍ഥമായി എടുത്തതാണെന്നും സ്റ്റേഷനിലേക്ക് കയറുംവഴി ബോബി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പിന്തുണ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍, ഒപ്പംനിന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കു ഹണി റോസ് സമൂഹമാധ്യമത്തിലൂടെ നന്ദിയറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് ഹണി റോസ് എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുപോലും സമയം നല്‍കാതെയായിരുന്നു അറസ്റ്റ് നടപടികള്‍.
കൊച്ചിയില്‍നിന്ന് എത്തിയ പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ ഏഴരയോടെ മേപ്പാടിയിലെ റിസോര്‍ട്ടില്‍നിന്നു ബോബിയെ കസ്റ്റഡിയിലെടുത്തു. വയനാട് എസ്.പി: തബോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള സംഘവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ വാഹനത്തിലാണ് പോലീസ് 1000 ഏക്കര്‍ റിസോര്‍ട്ടില്‍ എത്തിയത്.