പോക്സോ കേസ്: യെദിയൂരപ്പക്ക് വീണ്ടും ആശ്വാസവുമായി ഹൈകോടതി

തനിക്കെതിരെ ഫയല്‍ ചെയ്ത പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നല്‍കിയ ഹരജി ഹൈകോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിന് നിർദേശം നല്‍കിയിരുന്നു.

ഈ ഇടക്കാല ഉത്തരവും ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാർച്ച്‌ 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചു.

അന്വേഷണ ഏജൻസിക്ക് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ യെദിയൂരപ്പക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാതിരുന്നതോടെ പൊലീസ് ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയില്‍നിന്ന് അറസ്റ്റ് വാറന്റ് നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. എഫ്.ഐ.ആറില്‍ പരാമർശിക്കുന്ന കുറ്റങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് യെദിയൂരപ്പ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *