പൊലീസ് എത്തുന്നതിന് മുൻപ് ജീവനൊടുക്കാൻ തയാറെടുപ്പ് നടത്തിയതായി പൊലീസിനോട് വെളിപ്പെടുത്തി വെടിവെച്ച വനിതാ ഡോക്ടര്‍

തിരുവനന്തപുരത്ത് നാഷണല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടർ പൊലീസ് തന്നെ അന്വേഷിച്ച്‌ എത്തുന്നതിന് മുന്നേ ജീവനൊടുക്കാൻ ഒരുങ്ങിയതായി പൊലീസിനോട് വെളിപ്പെടുത്തി.

അന്വേഷണം തന്നിലേക്ക് തിരിയുന്നില്ല എന്ന് മനസിലാക്കിയതിനെത്തുടർന്നാണ് പ്രതി ഡ്യൂട്ടിക്ക് ഹാജരായത്. ഷിനിയുടെ ഭർത്താവ് സുജിത്ത് പ്രതിയെ ഫോണ്‍ ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള സുജിത്തിൻ്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഒന്നും അറിയില്ല എന്നാണ് പ്രതി മറുപടി നല്‍കിയത്. സുജിത്തിൻ്റെ ഫോണ്‍ വന്നതിനു ശേഷമാണ് അന്വേഷണം തന്നിലേക്ക് തിരിയുമെന്ന തോന്നലുണ്ടായതും പൊലീസ് അന്വേഷിച്ച്‌ എത്തുന്നതിന് മുൻപ് ജീവനൊടുക്കാൻ ഒരുങ്ങിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഓണ്‍ലൈൻ വഴി വെടിവെക്കാനുള്ള എയർ പിസ്റ്റള്‍ വാങ്ങിയതും വ്യക്തമായ ആസൂത്രണത്തോടെയാണെന്നും പ്രതി വെളിപ്പെടുത്തി. ഒരു വട്ടം ലോഡ് ചെയ്ത് വെടിയുതിർക്കാവുന്ന തോക്കിന് പകരം തുടരെ വെടിയുതിർക്കാവുന്ന എയർ പിസ്റ്റലിനേക്കുറിച്ച്‌ ഓണ്‍ലൈനില്‍ നോക്കി മനസിലാക്കുകയും അത്തരമൊന്ന് ഓഡർ ചെയ്ത് വരുത്തുകയുമായുന്നു. കൃത്യം കഴിഞ്ഞ് 1.10 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കെത്തിയ പ്രതി രക്ഷപെടാനുള്ള നീക്കങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. പ്രതി അമിതവേഗത്തില്‍ കാറോടിച്ചുപോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. തോക്ക് വാങ്ങിയതിൻ്റെ രേഖകള്‍ പൊലീസ് കണ്ടെടുത്തു. കൃത്യത്തിനായി ഉപയോഗിച്ച എയർ പിസ്റ്റല്‍ ഫോറൻസിക്ക് വിഭാഗത്തിൻ്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം ഷിനിയുടെ ഭത്താവ് സുജിത്തിനെതിരെ പ്രതിയായ ഡോക്ടർ നല്‍കിയ പീഡന പരാതി കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ജോലിചെയ്ത സമയത്താണ് പീഡനം നടന്നത് എന്ന വനിതാ ഡോക്ടറുട മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് കൊല്ലത്തേക്ക് കൈമാറുന്നത്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്നും വനിതാ ഡോക്ടറുടെ മൊഴിയില്‍ പറയുന്നു. ഇരുവരുടെയും ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *