പൊതുസ്ഥലത്ത് മാലിന്യംതള്ളല്‍ : വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ബാങ്ക് ഗാരണ്ടി നല്‍കണം: കോടതി

 പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന്, പിടിയിലാകുന്ന വാഹനങ്ങള്‍ വിട്ടു നല്‍കാന്‍ ബാങ്ക് ഗാരണ്ടി നല്‍കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി.

നിസാര ഉപാധികളുടെ അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ വിട്ടു നല്‍കിയാല്‍ വീണ്ടും ഇതേ വാഹനം സമാനകുറ്റം ആവര്‍ത്തിക്കാനിടിയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.

ശുദ്ധ ജലസ്രോതസില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറി രണ്ട് ലക്ഷം രൂപയുടെ ബാങ്ക് ഗാരണ്ടിയെന്ന കടുത്ത ഉപാധിയടക്കം ചുമത്തി വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാര്‍ച്ച്‌ 18ന് കുന്നംകുളം പോലീസിന്‍റെ പിടിയിലായ വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെതിരെ വാഹന ഉടമ തൃശൂര്‍ കട്ടാക്കാമ്ബല്‍ സ്വദേശി എം.എ. സുഹൈല്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

കോടതി ഉത്തരവില്ലാതെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വാഹനങ്ങള്‍ വിട്ടു നല്‍കരുതെന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവ് നിലവിലുണ്ട്. കണ്ടുകെട്ടല്‍ അടക്കം ഉള്‍പ്പെടുത്തി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന നിയമത്തിലും ഭേദഗതി കൊണ്ടുവന്നു. എന്നിട്ടും മാലിന്യം നിക്ഷേപിക്കലിന് അറുതിയില്ല. അതിനാല്‍ കടുപ്പമേറിയ നിബന്ധനകള്‍ അനിവാര്യമാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്ന ചില കോടതി ഉത്തരവുകള്‍ ഉദ്ധരിച്ച്‌ കോടതി ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ബെഞ്ച് രണ്ട് ലക്ഷം രൂപ ബാങ്ക് ഗാരണ്ടിയടക്കം ഉപാധികളോടെ വാഹനം വിട്ടയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പുറമെ ഒരു ലക്ഷം രൂപയുടെ സ്വന്തവും തത്തുല്യ തുകയ്ക്കുള്ള രണ്ട് ജാമ്യക്കാരുടേയും ബോണ്ട് കെട്ടിയ്‌വയ്ക്കണം.

ആവശ്യപ്പെടുമ്ബോള്‍ വാഹനം ഹാജരാക്കാമെന്നും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും മജിസ്‌ട്രേറ്റ് കോടതി മുമ്ബാകെ സത്യവാങ്മൂലം നല്‍കണം. വിചാരണ നടപടികള്‍ തീരും വരെ വാഹനം മറ്റെങ്ങോട്ടെങ്കിലും നീക്കുകയോ വാടകയ്ക്ക് നല്‍കുകയോ വില്‍ക്കുകയോ ചെയ്യരുതെന്നുമാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *